| Wednesday, 25th September 2024, 4:23 pm

ഇത് അതുല്യനായ താരത്തിന് ലഭിക്കുന്ന അതുല്യമായ ട്രോഫി; അങ്ങനെ അറിയപ്പെടുന്നതില്‍ ഏറെ സന്തോഷവാനാണ്: റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ വേട്ടക്കാരനുള്ള പുരസ്‌കാരം നല്‍കിയാണ് യുവേഫ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദരിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച 183 മത്സരത്തില്‍ നിന്നും 140 തവണയാണ് താരം എതിരാളികളുടെ ഗോള്‍ വല ചലിപ്പിച്ചത്.

ചരിത്രത്തില്‍ ഏറ്റവുമധികം തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയവരില്‍ രണ്ടാമതാണ് റൊണാള്‍ഡോ. അഞ്ച് തവണ. ആറ് തവണ യൂറോപ്പിന്റെ രാജാക്കന്‍മാരായ ലൂക്കാ മോഡ്രിച്ചും ഡാനി കാര്‍വഹാലുമാണ് ഒന്നാമതുള്ളത്.

എന്നാല്‍ വിവധ ടീമുകള്‍ക്കൊപ്പം ഈ നേട്ടം സ്വന്തമാക്കുന്നവരെ കണക്കിലെടുക്കുമ്പോള്‍ ഒന്നാമന്‍ പറങ്കിപ്പടയുടെ നായകന്‍ തന്നെയാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും റയല്‍ മാഡ്രിഡിനൊപ്പവുമാണ് താരം കിരീടമണിഞ്ഞത്.

യുവേഫയുടെ പുരസ്‌കാര നേട്ടത്തിന് പിന്നാലെ തന്റെ യൂട്യൂബ് ചാനലില്‍ തന്നെ കുറിച്ചുള്ള ഒരു ചെറിയ ഡോക്യുമെന്ററിയും താരം പങ്കുവെച്ചിരുന്നു. പോര്‍ച്ചുഗലിലെ ഒരു ചെറുപട്ടണത്തില്‍ ജനിച്ച കൊച്ചുപയ്യന്‍ ലോകം കീഴടക്കിയതെങ്ങനെയെന്ന് വരച്ചുകാട്ടുന്നതായിരുന്നു ആ വീഡിയോ.

യുവേഫയുടെ പുരസ്‌കാരം കയ്യിലേന്തി സംസാരിക്കുന്ന റൊണാള്‍ഡോയെ കാണിച്ചുകൊണ്ടാണ് ഈ വീഡിയോ ആരംഭിക്കുന്നത്. കളിക്കളത്തില്‍ നിന്നും വിടവാങ്ങിയതിന് ശേഷം ഈ ലോകം എങ്ങനെ തന്നെ ഓര്‍ക്കുമെന്നതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.

‘അതുല്യനായ താരം, അങ്ങനെയായിരിക്കും ഒരുപക്ഷേ പറയുകയെന്നാണ് എനിക്ക് തോന്നുന്നത്. ജീവിതത്തില്‍ ഒരു നല്ല മനുഷ്യനായിരിക്കുക, എന്നെ സംബന്ധിച്ച് അതാണ് ഏറ്റവും പ്രധാനപ്പെട്ടത്,’ താരം പറഞ്ഞു.

‘ഇത്തരമൊരു വേദിയില്‍ എത്തിച്ചേരുമെന്ന് ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ കരുതിയതല്ല. ഒരു പ്രൊഫഷണല്‍ താരമാകണമെന്നാണ് ഞാന്‍ എല്ലായ്‌പ്പോഴും കരുതിയിരുന്നത്. ബാക്കിയുള്ളതിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.

എന്റെ ജീവിതം മുഴുവന്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. 11 വയസ് മാത്രം പ്രായമുള്ളപ്പോള്‍ വലിയ പട്ടണത്തിലേക്ക് മാറുന്നതിനായി ഞാന്‍ എന്റെ വീട് ഉപേക്ഷിച്ചു. അത് എന്നെ സംബന്ധിച്ച് എളുപ്പമുള്ളതായിരുന്നു. മഡെയ്‌റയില്‍ നിന്നും ഞാന്‍ ലിസ്ബണിലേക്ക് മാറി, ലിസ്ബണില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക്, ഇംഗ്ലണ്ടില്‍ നിന്നും ഇറ്റലിയിലേക്കും അവിടെ നിന്ന് സ്‌പെയ്‌നിലേക്ക് തിരിച്ചെത്തി.

എന്നെ സംബന്ധിച്ച് ഇതൊരു പ്രശ്‌നമല്ല, ഇതെന്റെ ജീവിതത്തിന്റെ ഭാഗമാണ്. ഇത്തരമൊരു ജീവിതത്തോട് ഞാന്‍ പൊരുത്തപ്പെട്ടു,’ താരം പറഞ്ഞു.

യുവേഫയുടെ പുരസ്‌കാരം ലഭിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് ‘ഇന്നെ സംബന്ധിച്ച് ഇത് ഏറെ സന്തോഷം നല്‍കുന്നതാണ്. ഈ ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന് അറിയപ്പെടുന്നത് ഏറെ സന്തോഷമാണ്.

ഇത് അതുല്യനായ താരത്തിന് ലഭിക്കുന്ന അതുല്യമായി ട്രോഫിയാണ്, ഞാന്‍ ചുമ്മാ പറഞ്ഞതാണ്. ഞാന്‍ ഏറെ സന്തോഷവാനാണ്. ഓരോ തവണ എനിക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കുമ്പോഴും ഞാന്‍ എന്റെ കുടുംബത്തെ കുറിച്ച്, പ്രത്യേകിച്ച് കുട്ടികളെ കുറിച്ചാണ് ചിന്തിക്കാറുള്ളത്.

അവരുടെ അച്ഛന് പുരസ്‌കാരം ലഭിക്കുന്നതും, കളിക്കളത്തില്‍ തുടരുന്നതും ഗോളുകള്‍ നേടുന്നതുമാണ് അവര്‍ കാണുന്നത്. എന്നെ സംബന്ധിച്ച് ഇത് വിലമതിക്കാനാകാത്തതാണ്. ഇതാണ് എന്നെ മുമ്പോട്ട് നയിക്കുന്നത്,’ എന്നായിരുന്നു താരത്തിന്റെ മറുപടി.

Content Highlight: Cristiano Ronaldo about his achievements

We use cookies to give you the best possible experience. Learn more