| Thursday, 12th September 2024, 9:03 pm

ആര്‍ക്കുമറിയാത്ത രണ്ടെണ്ണം ടി.വിയിലിരുന്ന് വിമര്‍ശിച്ചാല്‍ ഞാനങ്ങ് ഇല്ലാതായ്‌പ്പോകാനോ! നല്ല കഥ; തുറന്നടിച്ച് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകം കണ്ട എക്കാലത്തെയും മികച്ച താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ കരിയര്‍ എന്‍ഡിനെ കുറിച്ച് സംസാരിക്കുകയാണ്. നീണ്ട 25 വര്‍ഷക്കാലം ഫുട്‌ബോളിനായി സ്വയം വിട്ടുനല്‍കിയെന്നും രണ്ടോ മൂന്നോ വര്‍ഷം കൂടി മികച്ച പ്രകടനം നടത്താന്‍ തനിക്കാകുമെന്നും റോണാള്‍ഡോ പറഞ്ഞു.

നിലവില്‍ 39കാരനായ റൊണോള്‍ഡോ സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് കളത്തിലിറങ്ങുന്നത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം റിയോ ഫെര്‍ഡിനന്റിന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് റൊണാള്‍ഡോ തന്റെ വിരമിക്കലിനെ കുറിച്ച് സംസാരിച്ചത്.

‘ആളുകളെല്ലായ്‌പ്പോഴും മോശം ഭാഗത്തെ കുറിച്ചാണ് സംസാരിക്കുക, നല്ല വശത്തെ കുറിച്ച് അധികം സംസാരിക്കാറില്ല. പക്ഷേ രണ്ട് എലികള്‍ എന്നെ വിമര്‍ശിച്ചതുകൊണ്ട് ഞാന്‍ ഒരിക്കലും എന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ പോകുന്നില്ല.

ഈ ലോകം എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ആരാധകര്‍ എന്നെ ഇഷ്ടപ്പെടുന്നുണ്ട്. ഇതാണെന്നെ ഫുട്‌ബോള്‍ കളിക്കുന്നത് തുടരാന്‍ എല്ലായപ്പോഴും പ്രേരിപ്പിക്കുന്നത്.

ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നു. ആരാലും അറിയാത്ത രണ്ട് ആളുകള്‍ ടി.വിയില്‍ ഇരുന്ന് എന്നെ വിമര്‍ശിച്ചെന്ന് കരുതി എന്റെ തിളക്കമോ ഞാന്‍ നേടിയതോ ഒന്നും തന്നെ ആരും കൊണ്ടുപോകാന്‍ പോകുന്നില്ല.

ഞാന്‍ എല്ലാം തന്നെ നല്‍കി. ഫുട്‌ബോളിനായി ഞാന്‍ എന്നെ തന്നെ 25 വര്‍ഷം വിട്ടുനല്‍കി. രണ്ട് മൂന്ന് വര്‍ഷക്കാലത്തേക്ക് നല്ല പ്രകടനം പുറത്തെടുക്കാന്‍ സാധിക്കുമെന്ന് എനിക്കറിയാം. എന്നാല്‍ അതുകഴിഞ്ഞാല്‍ ഫുട്‌ബോളിനെ കുറിച്ച് ചിന്തിക്കാന്‍ പോലും ഞാന്‍ ആഗ്രഹിക്കുന്നില്ല.

കളിക്കളത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ ഞാന്‍ കരയുമെന്നാണോ നിങ്ങള്‍ കരുതുന്നത്. ചിലപ്പോള്‍, കുറച്ച് കരഞ്ഞേക്കും,’ റൊണാള്‍ഡോ പറഞ്ഞു.

ഈയിടെയാണ് റൊണാള്‍ഡോ കരിയറില്‍ 900 ഗോള്‍ പൂര്‍ത്തിയാക്കിയത്. നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയാണ് റോണോ 900ാം ഗോള്‍ സ്വന്തമാക്കിയത്. ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമാണ്

നേരത്തെ 900 ഗോളുകളല്ല, 1000 ഗോളുകളാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് റോണോ പറഞ്ഞിരുന്നു. ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പും തൊട്ടടുത്ത മത്സരത്തില്‍ തന്നെ റോണോ നടത്തിയിരുന്നു. നേഷന്‍സ് ലീഗില്‍ സ്‌കോട്‌ലാന്‍ഡിനെതിരെയായിരുന്നു പോര്‍ച്ചുഗല്‍ ജേഴ്‌സിയില്‍ 132ാം ഗോളാണിത്.

ഈ വിജയത്തിന് പിന്നാലെ ലീഗ് വണ്‍ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്സില്‍ ഒന്നാമതാണ് പോര്‍ച്ചുഗല്‍. കളിച്ച രണ്ട് മത്സരത്തില്‍ രണ്ടിലും വിജയിച്ചാണ് പോര്‍ച്ചുഗല്‍ ഒന്നാമത് തുടരുന്നത്.

ഒക്ടോബര്‍ 13നാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പോളണ്ടാണ് എതിരാളികള്‍. നാഷണല്‍ സ്റ്റേഡിയം വര്‍സോയാണ് വേദി.

Content highlight: Cristiano Ronaldo about criticism and retirement

We use cookies to give you the best possible experience. Learn more