Football
'ബാലണ്‍ ഡി ഓര്‍ അത്ര വല്യ സംഭവമല്ല; ഞാനത് ഒരുപാട് നേടിയിട്ടുണ്ട്'; ക്രിസ്റ്റ്യാനോയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു
ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കാനുള്ള ദിവസം അടുത്തിരിക്കുകയാണ്. അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ രണ്ട് തവണയും പുര്‌സകാരത്തിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്തവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നത് ശ്രദ്ധേയമാണ്. താരം യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെ ബാലണ്‍ ഡി ഓര്‍ നേടുന്നതിനുള്ള സാധ്യത പാടേ ഇല്ലാതാവുകയും ചെയ്തു.
ബാലണ്‍ ഡി ഓറിനെ കുറിച്ച് റോണോ മുമ്പ് പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധനേടുകയാണിപ്പോള്‍. ബാലണ്‍ ഓര്‍ നേടുന്നതിനല്ല താന്‍ പ്രാധാന്യം നല്‍കുന്നതെന്നും ഫുട്‌ബോളില്‍ ചരിത്രം സൃഷ്ടിക്കുകയാണ് തന്റെ ലക്ഷ്യമെന്നുമാണ് അദ്ദേഹം 2021ല്‍ നല്‍കിയ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.
‘ബാലണ്‍ ഡി ഓര്‍ അത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് തോന്നുന്നില്ല. കരിയറില്‍ പല തവണ ഞാന്‍ അത് നേടിയിട്ടുണ്ട്. വ്യക്തിഗതമായും അതല്ലാതെയും ഒരുപാട് നേട്ടങ്ങള്‍ എനിക്ക് സ്വന്തമാക്കാനായിട്ടുണ്ട്. ഫുട്‌ബോളില്‍ ചരിത്രം കുറിക്കുകയാണ് എന്റെ ലക്ഷ്യം. അതിലാണ് ഞാന്‍ ആനന്ദം കണ്ടെത്തുന്നത്,’ ക്രിസ്റ്റ്യാനോ പറഞ്ഞു.
അതേസമയം, ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അവസാന ഘട്ട പട്ടികയില്‍ 30 താരങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെസിയാകും ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ ജേതാവ് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കോപ്പ അമേരിക്കയും ഫൈനലിസിമയും ഫിഫ ലോകകപ്പുമുള്‍പ്പെടെ അര്‍ജന്റൈന്‍ ദേശീയ ടീമിനെ ട്രിപ്പിള്‍ ക്രൗണ്‍ ജേതാക്കളാക്കിയതാണ് ആല്‍ബിസെലസ്റ്റിന്റെ ക്യാപ്റ്റന് തുണയായിരിക്കുന്നത്.
അര്‍ജന്റൈന്‍ നായകന് ശക്തമായ പോരാട്ടം നല്‍കുന്നത് എര്‍ലിങ് ഹാലണ്ടാണ്. ദേശീയ ടീമിന് വേണ്ടി മെസി നേടിയ നേട്ടങ്ങളെല്ലാം തന്നെ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വേണ്ടി ഹാലണ്ട് നേടിയിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ ഒരു സീസണില്‍ ഏറ്റവുമധികം ഗോള്‍ നേട്ടത്തിന്റെ കിരീടം ഇതിനോടകം സ്വന്തമാക്കിയ ഹാലണ്ട് സിറ്റിക്ക് ക്വാഡ്രാപ്പിള്‍ കിരീടവും നേടിക്കൊടുത്തിട്ടുണ്ട്.
ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത് അര്‍ജന്റീനക്കായി കിരീടമുയര്‍ത്തിയതിന് പുറമെ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിക്കായി 20 ഗോളുകളും 21 അസിസ്റ്റുകളും മെസി അക്കൗണ്ടിലാക്കിയിട്ടുണ്ട്. പാരീസിയന്‍സിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളും മൂന്ന് അസിസ്റ്റുകളും അക്കൗണ്ടിലാക്കിയ മെസി ഗോള്‍ഡന്‍ ബോളും സ്വന്തമാക്കിയിരുന്നു.
Content Highlights: Cristiano Ronaldo about Ballon d’Or