സൗദി എത്രമാത്രം പുരോ​ഗമിച്ചിരിക്കുന്നു, ഖത്തറിൽ‌ അർജന്റീനയെ തോൽപ്പിച്ചില്ലേ? ക്രിസ്റ്റ്യാനോ റൊണാൾഡോ
Football
സൗദി എത്രമാത്രം പുരോ​ഗമിച്ചിരിക്കുന്നു, ഖത്തറിൽ‌ അർജന്റീനയെ തോൽപ്പിച്ചില്ലേ? ക്രിസ്റ്റ്യാനോ റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 4th January 2023, 4:19 pm

കഴിഞ്ഞ ദിവസമാണ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബ്ബായ അൽ നസറിൽ സൈൻ ചെയ്തത്. ക്ലബ്ബിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയായതിന് ശേഷം താരം മാധ്യമങ്ങളുമായി സംസാരിച്ചിരുന്നു.

ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ റൊണാൾഡോയെ അൽ നസർ ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചപ്പോൾ ആയിരക്കണക്കിന് ആളുകളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

പ്രശസ്ത മാധ്യമ പ്രവർത്തകനായ പിയേഴ്സ് മോർ​ഗന് നൽകിയ അഭിമുഖത്തിന് ശേഷം ആദ്യമായാണ് റൊണാൾഡോ ഇത്രയധികം നേരം മാധ്യമങ്ങളോട് സംസാരിക്കുന്നത്. യൂറോപ്പ് വിടാനും സൗദി അറേബ്യയിലേക്ക് ചേക്കേറാനുമുണ്ടായ കാരണത്തെക്കുറിച്ചുമെല്ലാം താരം സംസാരിക്കുകയുണ്ടായി.

യൂറോപ്യൻ ഫുട്ബോളിലെ മികച്ച ക്ലബുകളിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെന്നും അവിടുത്തെ തന്റെ ജോലി കഴിഞ്ഞുവെന്നുമാണ് റൊണാൾഡോ പറഞ്ഞത്. അതേസമയം അൽ നസറിലേക്കുള്ള ട്രാൻസ്‌ഫറിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾ മുഖവിലക്കെടുക്കില്ലെന്നും പുതിയ ക്ലബ്ബിനെ കുറിച്ച് ഒത്തിരി പ്രതീക്ഷകളുണ്ടെന്നും റൊണാൾ കൂട്ടിച്ചേർത്തു.

ഖത്തർ ലോകകപ്പിൽ സൗദി അറേബ്യക്ക് അർജന്റീനയെ തോൽപ്പിക്കാനായത് ഫുട്ബോൾ വളരെയധികം മുന്നോട്ടു പോയതിന്റെ സൂചനയാണെന്നാണ് റൊണാൾഡോ പറഞ്ഞത്.

“ആളുകൾ പറയുന്നതിനെ കുറിച്ച് ഞാൻ കാര്യമാക്കുന്നില്ല. മികച്ച പ്രകടനം കാഴ്ചവെച്ച് ​ഗോളുകൾ നേടാനാണ് ഞാൻ സൗദിയിലെത്തിയത്. കഴിഞ്ഞ പതിനഞ്ച് വർഷമായി ഫുട്ബോൾ ഒരുപാട് മാറിയിട്ടുണ്ട്. എല്ലാ ടീമുകളും മികച്ച നിലയിലാണ് ഫുട്ബോളിനുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.

ലോകകപ്പ് ചാമ്പ്യന്മാരായ അർജന്റീനയെ സൗദി അറേബ്യ കീഴടക്കിയത് അതിന് ഉ​ദാഹരണമാണ്. അതാ രാജ്യത്ത് ഫുട്ബോൾ മെച്ചപ്പെട്ടതിനെ സൂചിപ്പിക്കുന്നു. ഫുട്ബോൾ ലോകം മെച്ചപ്പെടുന്നു, ഈ ലീഗിൽ ഒത്തിരി മത്സരങ്ങളുണ്ട്. ഇവിടെയെത്തിയതിൽ ഞാൻ സന്തോഷവാനാണ്. എത്രയും പെട്ടന്ന് കളിച്ച് തുടങ്ങണമെന്നാണ് എന്റെ ആ​ഗ്രഹം,” റൊണാൾഡോ പറഞ്ഞു.

അതേസമയം, പ്രതിവർഷം 200 മില്യൺ യൂറോ മൂല്യം വരുന്ന കരാറിന്റെ അടിസ്ഥാനത്തിൽ 2025 വരെയാണ് റൊണാൾഡോ അൽ നസറിൽ കളിക്കുക. കാമറൂണിന്റെ ഗോളടി വീരൻ വിൻസെന്റ് അബൂബക്കർ ഉൾപ്പെടെയുള്ള ഒട്ടനവധി മികച്ച താരങ്ങൾ ക്ലബ്ബിൽ റോണോയുടെ സഹ കളിക്കാരായുണ്ട്. ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷന്റെ വിലക്ക് ഉള്ളതിനാൽ ക്ലബ്ബിൽ സൈൻ ചെയ്ത ശേഷമുള്ള ആദ്യത്തെ രണ്ട് മത്സരങ്ങൾ റൊണാൾഡോക്ക് കളിക്കാൻ സാധിക്കില്ല.

Content Highlights: Cristiano Ronaldo about Argentina-Saudi Arabia match result