അല്‍ നസറിനൊപ്പം ഒരു മുഴുവന്‍ മാസം കളിച്ചതിന് പിന്നാലെ സൗദി പ്രോ ലീഗ് പ്ലെയര്‍ ഓഫ് ദി മന്ത് പുരസ്‌കാരത്തിന് അര്‍ഹനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫെബ്രുവരി മാസം സൗദി പ്രോ ലീഗില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയതിന് പിന്നാലെയാണ് റൊണാള്‍ഡോയെ തേടി പുരസ്‌കാരമെത്തിയത്.
അല്‍ നസര്‍ അവസാനം നേടിയ പത്ത് ഗോളിലും ക്രിസ്റ്റിയാനോ തന്റെ കയ്യൊപ്പ് പതിപ്പിച്ചിരുന്നു. എട്ട് ഗോളും രണ്ട് അസിസ്റ്റുമാണ് റൊണാള്‍ഡോ റൂഡി ഗാര്‍സിയയുടെ ക്ലബ്ബിന് വേണ്ടി നേടിയത്.
സൗദി പ്രോ ലീഗില്‍ അല്‍ ഫത്തേക്കെതിരായി തന്റെ ഫസ്റ്റ് ഗോള്‍ നേടിയ റൊണാള്‍ഡോ അല്‍ വെഹ്ദക്കെതിരെ സൂപ്പര്‍ ഹാട്രിക് നേടി. അല്‍ താവൂനെതിരായ മത്സരത്തില്‍ ഗോളടിക്കാന്‍ സാധിച്ചില്ലെങ്കിലും സഹതാരങ്ങളെ കൊണ്ട് ഗോളടിപ്പിക്കാന്‍ റൊണോക്കായി.
What a start! 🤩
Debut goal ⚽️
Two assists 🪄
Hat-trick 🔥
Super hat-trick 🐐Ronaldo is the player of February in @SPL 🌟
In his first month with @AlNassrFC 💪 pic.twitter.com/7lQhgwghRb— AlNassr FC (@AlNassrFC_EN) February 28, 2023
ദമാക്കിനെതിരായ അടുത്ത മത്സരത്തിലായിരുന്നു ഫെബ്രുവരിയിലെ താരത്തിന്റെ രണ്ടാം ഹാട്രിക് പിറന്നത്. റൊണാള്‍ഡോയുടെ കരിയറിലെ 62ാം ഹാട്രിക്കാണിത്.
ക്രിസ്റ്റ്യാനോയുടെ കാലം കഴിഞ്ഞെന്ന് വിമര്‍ശിച്ചവര്‍ക്കുള്ള മറുപടിയായിരുന്നു താരത്തിന്റെ ഓരോ ഗോളുകളും. ഓള്‍ഡ് ട്രാഫോര്‍ഡിനെയും സാന്റിയാഗോ ബെര്‍ണാബ്യൂവിനെയും അലിയന്‍സ് സ്‌റ്റേഡിയത്തെയും ഹരം കൊള്ളിച്ച ആ കാലുകള്‍ ഇപ്പോള്‍ മിര്‍സൂല്‍ പാര്‍ക്കിനെയും പുളകമണിയിക്കുകയാണ്.
താരത്തിന്റെ കളിമികവില്‍ നിലവില്‍ സൗദി പ്രോ ലീഗിന്റെ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് അല്‍ നസര്‍. 18 മത്സരത്തില്‍ നിന്നും 43 പോയിന്റുമായാണ് അല്‍ നസര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള അല്‍ ഇത്തിഹാദിനെക്കാളും രണ്ട് പോയിന്റാണ് അല്‍ നസറിന് അധികമായിട്ടുള്ളത്.
സൗദിയില്‍ എത്തിയതിന് പിന്നാലെ മികച്ച തുടക്കമായിരുന്നില്ല റൊണാള്‍ഡോക്ക് ലഭിച്ചത്. ആദ്യ രണ്ട് മത്സരത്തിലും ഗോള്‍ നേടാന്‍ സാധിക്കാതെ വന്നതോടെ അവസരം വീണുകിട്ടിയ വിമര്‍ശകര്‍ കൂരമ്പുകളെയ്തുകൊണ്ടിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഫുട്‌ബോള്‍ ലോകം കണ്ടത് തന്റെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന റൊണാള്‍ഡോയെ തന്നെയായിരുന്നു.
വരും മത്സരങ്ങളിലും താരം അല്‍ നസറിനായി ഗോളടിച്ചുകൂട്ടുമെന്നാണ് മിര്‍സൂല്‍ പാര്‍ക്കിനെ മഞ്ഞക്കടലാക്കുന്ന ഓരോ ആരാധകരും ഉറച്ചുവിശ്വസിക്കുന്നത്.
മാര്‍ച്ച് മൂന്നിനാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ ബാതിനാണ് എതിരാളികള്‍.
Content Highlight: Cristiano Rolando becomes SPL player of the month