'ക്രിസ്റ്റ്യാനോ തീര്‍ന്നു' എന്നെന്റെ കാലുകള്‍ പറയട്ടെ, അപ്പോള്‍ നോക്കാം'; ഫുട്‌ബോള്‍ കരിയറിനെക്കുറിച്ച് റോണോ
Football
'ക്രിസ്റ്റ്യാനോ തീര്‍ന്നു' എന്നെന്റെ കാലുകള്‍ പറയട്ടെ, അപ്പോള്‍ നോക്കാം'; ഫുട്‌ബോള്‍ കരിയറിനെക്കുറിച്ച് റോണോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd September 2023, 5:04 pm

പ്രായം നാല്‍പതിനോട് അടുക്കുമ്പോഴും കളിക്കളത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് ആധുനിക ഫുട്‌ബോള്‍ ഇതിഹാസങ്ങളിലൊരാളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുമ്പോള്‍ ഫോമിലേക്ക് എത്താന്‍ സാധിക്കാതെ വരുകയും 2022 ലോകകപ്പില്‍ നിന്ന് പോര്‍ച്ചുഗല്‍ ടീം പുറത്തായപ്പോഴും വലിയ വിമര്‍ശനങ്ങളായിരുന്നു താരത്തെ തേടിയെത്തിയത്. പ്രായക്കൂടുതലായതിനാലാണ് പിച്ചില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാത്തതെന്നും വിരമിക്കാന്‍ സമയമായെന്നും പറഞ്ഞ് താരത്തെ പരിഹസിച്ചവരും കുറവല്ല.

എന്നാല്‍ യൂറോപ്യന്‍ അധ്യായങ്ങള്‍ക്ക് വിരാമമിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയ താരം തന്റെ ഗതകാലത്തെ ഓര്‍മിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിനായുള്ള താരത്തിന്റെ പ്രകടനം വിമര്‍ശിച്ചവരെക്കൊണ്ടുപോലും കയ്യടിപ്പിക്കുന്ന തരത്തിലാണ്. ഫുട്‌ബോളില്‍ നിന്ന് എപ്പോള്‍ വിരമിക്കും എന്നതിനെക്കുറിച്ച് ക്രിസ്റ്റ്യാനോ പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍.

ക്രിസ്റ്റ്യാനോ തീര്‍ന്നുവെന്ന് തന്റെ കാലുകള്‍ തന്നോട് പറയുന്ന അത്രയും കാലം കളിതുടരുമെന്നും ഫുട്‌ബോള്‍ തനിക്ക് വളരെ ഇഷ്ടമാണെന്നുമാണ് താരം പറഞ്ഞത്. സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം ക്രിസ്റ്റ്യാനോ അല്‍ നസറിനായി ഇരട്ട ഗോള്‍ നേടിയ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം പങ്കുവെച്ചത്.

‘എന്റെ ഈ പ്രായത്തിലും എനിക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ഒരുപാടിഷ്ടമാണ്. ഗോളുകള്‍ സ്‌കോര്‍ ചെയ്യാനും മത്സരത്തില്‍ വിജയിക്കുന്നതുമെല്ലാം ഞാന്‍ ഒരുപാട് ആസ്വദിക്കുന്ന കാര്യമാണ്. ക്രിസ്റ്റ്യാനോ തീര്‍ന്നു എന്നെന്റെ കാലുകള്‍ പറയുന്നതുവരെ ഞാന്‍ കളി തുടരും. ഇപ്പോള്‍ എനിക്ക് കുഴപ്പങ്ങളൊന്നുമില്ല,’ ക്രിസ്റ്റ്യാനോ പറഞ്ഞു.

അതേസമയം, സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചിരുന്നു. അല്‍ അഹ്ലിക്കെതിരായ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ടലിസ്‌ക എന്നിവരുടെ ഇരട്ട ഗോളുകളാണ് അല്‍ നസറിനെ ജയത്തിലേക്ക് നയിച്ചത്.

സൗദി ലീഗില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും രണ്ട് തോല്‍വിയുമായി പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അല്‍ നസര്‍. അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് ആറും അഞ്ചും ജയവുമായി അല്‍ ഇത്തിഹാദും അല്‍ ഹിലാലുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

Content Highlights: Cristiano reveals when he returns from Football