സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍ നസറിന്റെ അണ്ടര്‍ 14 ടീമില്‍ ഇടംനേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂനിയര്‍. അടുത്ത ദിവസങ്ങളിലായി ടീമിനൊപ്പം താരത്തിന്റെ മകന്‍ ജോയിന്‍ ചെയ്യുമെന്ന് പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് റിപ്പോര്‍ട്ട് ചെയ്തത്.
ക്രിസ്റ്റ്യാനോ നേരത്തെ ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കിയിരുന്നു. കുറച്ചുകാലം കൂടി ഫുട്‌ബോളില്‍ തുടരുമോ എന്ന് തന്റെ മകന്‍ ചോദിച്ചിരുന്നുവെന്നും അവന് തന്നോടൊപ്പം കളിക്കാന്‍ ആഗ്രമുണ്ടെന്നുമാണ് റോണോ പറഞ്ഞത്.
അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ ക്രിസ്റ്റ്യാനോക്ക് നിലവില്‍ 38 വയസാണ് പ്രായമെങ്കിലും താരത്തിന്റെ പ്രകടനവും ദൃഢയനിശ്ചയവും കണക്കിലെടുത്ത് ഇരുവര്‍ക്കും ഒരുമിച്ച് ഒരിക്കലെങ്കിലും ബൂട്ടുകെട്ടാനാകുമെന്നാണ് ആരാധകരില്‍ ചിലര്‍ എക്‌സില്‍ കുറിച്ചത്.
ഭാവിയിലെ ഗോട്ട് എന്നാണ് ക്രിസ്റ്റ്യാനോയുടെ മകന് ആരാധകര്‍ നല്‍കിയ വിശേഷണം. ഇരുവരും ഒരുമിച്ച് കളത്തില്‍ SIUU വിളിക്കുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ആരാധകര്‍ എക്‌സില്‍ കുറിച്ചിട്ടുണ്ട്.
അതേസമയം, 2024 യൂറോ യോഗ്യത മത്സരങ്ങള്‍ അവസാനിച്ച് വീണ്ടും ക്ലബ്ബ് ഫുട്ബോള്‍ മത്സരങ്ങള്‍ സജീവമാവുകയാണ്. സൗദി പ്രോ ലീഗില്‍ ഒക്ടോബര്‍ 21ന് അല്‍ നസര്‍ ദമാകിനെ നേരിടും.
യൂറോ യോഗ്യത മത്സരത്തില്‍ സ്ലോവാക്യയെയും ബോസ്‌നിയയെയും തകര്‍ത്ത് റോണോയും കൂട്ടരും 2024 നടക്കാനിരിക്കുന്ന യൂറോകപ്പിന് യോഗ്യത നേടിയിരുന്നു. ഇതിന് പിന്നാലെ സൗദിയില്‍ എത്തിയ റൊണാള്‍ഡോക്ക് വിശ്രമം അനുവദിച്ചില്ല. ലീഗിലെ ഏഴ് മത്സരങ്ങളുടെ അപരാജിത കുതിപ്പ് തുടരാന്‍ ടീമില്‍ റോണോയുടെ സാന്നിധ്യം പ്രധാനമാണ്.
താരം ഈ സീസണില്‍ അല്‍ നസറിന് വേണ്ടി 11 മത്സരങ്ങളില്‍ നിന്നും 11 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിട്ടുണ്ട്. നിലവില്‍ സൗദി ലീഗില്‍ മൂന്നാം സ്ഥാനത്താണ് അല്‍ നസര്‍.
Content Highlights: Cristiano Jr joins Al Nassr U14 team