|

അവന്റെ ഒറ്റ ഗോളിൽ മെസി വീണു; സ്പാനിഷ് ലീഗിൽ മിന്നൽ റെക്കോഡുമായി സൂപ്പർതാരം

സ്പോര്‍ട്സ് ഡെസ്‌ക്

ലാ ലീഗയില്‍ ഹാന്‍സി ഫ്‌ലിക്കിന്റെ കീഴില്‍ സ്വപ്നതുല്യമായ മുന്നേറ്റമാണ് ബാഴ്‌സലോണ നടത്തുന്നത്. ലീഗിലെ അവസാന മത്സരത്തില്‍ ജിറോണയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സ്പാനിഷ് വമ്പന്‍മാര്‍ പരാജയപെടുത്തിയത്.

മത്സരം പരാജയപ്പെട്ടെങ്കിലും ഒരു തകര്‍പ്പന്‍ നേട്ടമാണ് ജിറോണയുടെ ഉറുഗ്വായ്ന്‍ താരം ക്രിസ്റ്റ്യൻ സ്റ്റുവാനി സ്വന്തമാക്കിയത്. മത്സരത്തിന്റെ 80ാം മിനിട്ടില്‍ ആയിരുന്നു താരം ജിറോണക്ക് വേണ്ടി ഗോള്‍ നേടിയത്. പകരക്കാരനായി ഇറങ്ങിക്കൊണ്ടായിരുന്നു താരം ജിറോണക്ക് വേണ്ടി ക്രിസ്റ്റ്യൻ ആശ്വാസഗോള്‍ നേടിയത്.

ഇതിന് പിന്നാലെ ലാ ലീഗയില്‍ പകരക്കാരനായി ഇറങ്ങി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ക്രിസ്റ്റ്യൻ സ്വന്തമാക്കിയത്. 28 ഗോളുകളാണ് താരം ലാ ലീഗയില്‍ പകരക്കാരനായി ഇറങ്ങി നേടിയത്. ഇതോടെ മുന്‍ ബാഴ്‌സലോണ താരം ജൂലിയോ സലീനാസിന്റെ റെക്കോഡിനൊപ്പമെത്താനും ക്രിസ്റ്റ്യന് സാധിച്ചു.

സ്പാനിഷ് ലീഗില്‍ പകരക്കാരനായി ഇറങ്ങി 27 ഗോളുകള്‍ നേടിയ സൂപ്പര്‍താരം ലയണല്‍ മെസിയുടെ റെക്കോഡ് മറികടക്കാനും ജിറോണാ താരത്തിന് സാധിച്ചു. സ്പാനിഷ് വമ്പന്മാര്‍ക്കുവേണ്ടി ലാ ലീഗയില്‍ 474 ഗോളുകളാണ് മെസി അടിച്ചുകൂട്ടിയത്. ഇതില്‍ 27 എണ്ണവും പകരക്കാരനായി ഇറങ്ങിയാണ് മെസി നേടിയത്.

അതേസമയം മത്സരത്തില്‍ ബാഴ്‌സലോണക്ക് വേണ്ടി ലാമിന്‍ യമാല്‍ ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. 30, 37 മിനിട്ടുകളിലായിരുന്നു സ്പാനിഷ് താരത്തിന്റെ ഗോളുകള്‍ പിറന്നത്. ഡാനി ഓല്‍മോ 47, പെഡ്രി 64 എന്നിവരാണ് കറ്റാലന്‍മാര്‍ക്ക് വേണ്ടി മറ്റു രണ്ടു ഗോളുകള്‍ സ്‌കോര്‍ ചെയ്തത്.

നിലവില്‍ സ്പാനിഷ് ലീഗില്‍ അഞ്ച് മത്സരങ്ങളും വിജയിച്ചു കൊണ്ട് 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. മറുഭാഗത്ത് ഇത്രതന്നെ മത്സരങ്ങളില്‍ നിന്നും രണ്ടു വീതം വിജയവും തോല്‍വിയും സമനിലയുമായി ഏഴ് പോയിന്റോടെ എട്ടാം സ്ഥാനത്താണ് ജിറോണ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ സെപ്റ്റംബര്‍ 20ന് ഫ്രഞ്ച് ക്ലബ്ബ് മോണോകോക്കെതിരെയാണ് സ്പാനിഷ് വമ്പന്‍മാരുടെ അടുത്ത മത്സരം. സെപ്റ്റംബര്‍ 19ന് യു.സി.എല്ലില്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നാണ് ജിറോണയുടെ എതിരാളികള്‍.

Content Highlight: Cristhian Stuani Create a New Record in La Liga