ഫുട്‌ബോളില്‍ ലോകമെമ്പാടും ഒരുപാട് ആരാധകരുള്ള താരമാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കളിക്കളത്തില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന റൊണാള്‍ഡോ സോഷ്യല്‍ മീഡിയയിലും വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.
ഇപ്പോള്‍ റൊണാള്‍ഡോ സോഷ്യല്‍ മീഡിയയില്‍ ഒരു പുതിയ നാഴികകല്ല് പിന്നിട്ടിരിക്കുകയാണ്. തന്റെ സോഷ്യല്‍ മീഡിയകളിൽ 1 ബില്യണ്‍ ഫോളോവേഴ്‌സില്‍ എത്തിയിരിക്കുകയാണ് റൊണാള്‍ഡോ. ചരിത്രത്തില്‍ ആദ്യമായാണ് ഒരു വ്യക്തി എല്ലാ സോഷ്യല്‍ മീഡിയയിലും 1 ബില്യണ്‍ ഫോളേവേഴ്‌സിനെ സ്വന്തമാകുന്നത്.
1 ബില്യണ്‍ ആളുകളാണ് ഇതിനോടകം തന്നെ റൊണാള്‍ഡോയുടെ പുതിയ യുട്യൂബ് ചാനല്‍ പിന്തുടരുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ 693 ദശലക്ഷം ഫോളോവേഴ്സാണ് റൊണാള്‍ഡോക്കുള്ളത്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്നതും റൊണാള്‍ഡോ തന്നെയാണ്. ഫേസ്ബുക്കില്‍ 170 ദശലക്ഷവും എക്സില്‍ 60 ദശലക്ഷവും ആണ് പോര്‍ച്ചുഗീസ് ഇതിഹാസത്തിനുള്ളത്.
നിലവില്‍ തന്റെ39ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ട വീര്യമാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്.റൊണാള്‍ഡോ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് കളിക്കുന്നത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് തകര്‍പ്പന്‍ ഫോമിലാണ് പോര്‍ച്ചുഗല്‍.
ഈ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയിരുന്നു. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.
ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് സൗദി വമ്പന്മാരായ അല്‍ നസറിനൊപ്പമുള്ള മത്സരങ്ങളാണ്. നിലവില്‍ സൗദി പ്രോ ലീഗില്‍ രണ്ട് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു ജയവും സമനിലയുമായി നാലു പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് അല്‍ നസര്‍.
സൗദി ലീഗില്‍ സെപ്റ്റംബര്‍ 13നാണ് അല്‍ നസറിന്റെ മത്സരമുള്ളത്. അല്‍ അഹ്‌ലി സൗദിക്കെതിരെയാണ് ലൂയിസ് കാസ്ട്രോയും കൂട്ടരും കളിക്കുക. അല്‍ അഹ്‌ലിയുടെ തട്ടകമായ അല്‍ അവാല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Cristaino Ronaldo Great Influence in Social Media