സൗദി പ്രോ ലീഗിലെ മെയ് മാസത്തിലെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് സ്വന്തമാക്കി അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അല്‍ നസറിനൊപ്പമുള്ള റൊണാള്‍ഡോയുടെ ആറാമത്തെ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡ് നേട്ടമാണിത്.
മെയ് 27ന് നടന്ന ഇതിഹാത്തിനെതിരെയുള്ള മത്സരത്തില്‍ രണ്ടു ഗോളുകള്‍ നേടിക്കൊണ്ടായിരുന്നു പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കളം നിറഞ്ഞ് കളിച്ചത്. ഇതിനുപിന്നാലെ ഒരു ചരിത്ര നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. സൗദി പോ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനാണ് റൊണാള്‍ഡോക്ക് സാധിച്ചത്.
ഈ സീസണില്‍ സൗദി വമ്പന്മാര്‍ക്കൊപ്പം 45 മത്സരങ്ങളില്‍ നിന്നും 44 ഗോളുകളും 13 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്. ഇതോടെ സൗദി ലീഗിലെ ടോപ് സ്‌കോറായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു.
ഇതിന് പിന്നാലെ മറ്റൊരു ചരിത്രനേട്ടവും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം സ്വന്തമാക്കിയിരുന്നു. നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്‌കോറര്‍ ആവുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോയ്ക്ക് സാധിച്ചു. റയല്‍ മാഡ്രിഡ്, യുവന്റസ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എന്നീ ടീമുകള്‍ക്കൊപ്പമായിരുന്നു ഇതിനുമുമ്പ് റൊണാള്‍ഡോ ടോപ്‌സ്‌കോറര്‍ ആയിരുന്നത്.
ഈ സീസണില്‍ 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാലു വീതം തോല്‍വിയും സമനിലയും അടക്കം 82 പോയിന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു അല്‍ നസര്‍ ഫിനിഷ് ചെയ്തിരുന്നത്. ചാമ്പ്യന്മാരായ അല്‍ ഹിലാലുമായി 14 പോയിന്റിന്റെ വ്യത്യാസമായിരുന്നു റൊണാള്‍ഡോക്കും കൂട്ടര്‍ക്കും ഉണ്ടായിരുന്നത്.
അതേസമയം തന്റെ ഫുട്‌ബോള്‍ കരിയറിലെ ആറാമത്തെ യൂറോപ്പ്യന്‍ കപ്പിനാണ് റൊണാള്‍ഡോ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. യൂറോ കപ്പിനുള്ള യോഗ്യത മത്സരത്തില്‍ മിന്നും പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയിരുന്നത്.
പത്തില്‍ പത്ത് മത്സരങ്ങളും വിജയിച്ചു കൊണ്ട് രാജകീയമായി ആയിരുന്നു പോര്‍ച്ചുഗല്‍ യൂറോകപ്പിന് യോഗ്യത നേടിയത്. യോഗ്യത മത്സരങ്ങളില്‍ പത്തു ഗോളുകള്‍ ആയിരുന്നു റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.
യൂറോ കപ്പില്‍ ജൂണ്‍ 19നാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം നടക്കുക. റെഡ്ബുള്‍ അറീനയില്‍ നടക്കുന്ന മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പറങ്കിപ്പടയുടെ ആദ്യ അങ്കം.
Content Highlight: Cristaino Ronaldo Won Mey Player of Month Award in SPL