2023 ഗ്ലോബല്‍ സോക്കറിന്റ മൂന്ന് അവാര്‍ഡുകള്‍ സ്വന്തമാക്കി അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫാന്‍സ് ഫേവറേറ്റ് പ്ലെയര്‍ ഓഫ് ഇയര്‍, ബെസ്റ്റ് മിഡില്‍ ഈസ്റ്റ് പ്ലയെര്‍, 2023 ടോപ് സ്‌കോറര്‍ എന്നീ മൂന്ന് പുരസ്‌കാരങ്ങളാണ് റൊണാള്‍ഡോയെ തേടിയെത്തിയത്.
ഇന്റര്‍ മയാമി സൂപ്പര്‍ താരം ലയണല്‍ മെസി, ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലാ എന്നിവരെ പിന്തള്ളി കൊണ്ടായിരുന്നു റൊണാള്‍ഡോ ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട താരമെന്ന നേട്ടം സ്വന്തമാക്കിയത്.
2023ല്‍ ഏറ്റവും കൂടുതല്‍ ഗോളുകൾ നേടിയ താരം എന്ന ബഹുമതിയും റൊണാള്‍ഡോ സ്വന്തം പേരിലാക്കി മാറ്റി. സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിനും വേണ്ടി 54 ഗോളുകളാണ് ഈ 38കാരന്‍ അടിച്ചുകൂട്ടിയത്.
ബയേണ്‍ മ്യൂണിക്കിന്റെ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഹാരി കെയ്ന്‍, പാരീസ് സെയ്ന്റ് ജെര്‍മെന്റെ ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ എന്നിവരെ മറികടന്നു കൊണ്ടായിരുന്നു റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കിയത്. ഇരു താരങ്ങളും 52 ഗോളുകള്‍ ആയിരുന്നു 2003ല്‍ നേടിയത്.
അതേസമയം സൗദി വമ്പന്‍മാരായ അല്‍ നസറിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. അല്‍ നസറിനായി 23 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ റൊണാള്‍ഡോ 24 ഗോളുകളും 11 അസിസ്റ്റുകളും നേടിയിട്ടുണ്ട്.
സൗദിയില്‍ നിലവില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും.
ജനുവരി 24ന് സൗഹൃദ മത്സരത്തില്‍ ചൈനീസ് ക്ലബ്ബായ ഷാങ്ഹായ് ഷെന്‍ഹുവാക്കെതിരെയാണ് നസറിന്റെ അടുത്ത മത്സരം.
Content Highlight: Cristaino Ronaldo won global soccer three awards.