സൗദിയില്‍ തീപാറും പോരാട്ടം; റൊണാള്‍ഡോ കളത്തിലിറങ്ങുമോ?
Football
സൗദിയില്‍ തീപാറും പോരാട്ടം; റൊണാള്‍ഡോ കളത്തിലിറങ്ങുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st December 2023, 11:13 am

സൗദി പ്രോ ലീഗില്‍ ഒന്നാം സ്ഥാനക്കാരായ അല്‍ ഹിലാലും രണ്ടാം സ്ഥാനക്കാരായ അല്‍ നസറും തമ്മിലുള്ള ആവേശകരമായ പോരാട്ടത്തിനായി സൗദി ഒരുങ്ങികഴിഞ്ഞു.

അല്‍ ഹിലാലും അല്‍ നസറും തമ്മിലുള്ള വാശിയേറിയ പോരാട്ടം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറിനായി കളത്തിലിറങ്ങുമോ എന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ആരാധകര്‍.

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ കഴിഞ്ഞദിവസം പെര്‍സെപോളിസിനെതിരെയുള്ള മത്സരത്തില്‍ റൊണാള്‍ഡോക്ക് കഴുത്തിന് പരിക്കേറ്റിരുന്നു. ഈ സാഹചര്യത്തില്‍ സൂപ്പര്‍ താരം അല്‍ ഹിലാലിനെതിരെ കളിക്കുമോ എന്നത് സംശയകരമായി നിലനില്‍ക്കുകയാണ്.

സൗദി ഗസറ്റ് പറയുന്നത് കഴിഞ്ഞദിവസം മത്സരത്തിനു മുന്നോടിയായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമിനൊപ്പം പരിശീലനം നടത്തി എന്നാണ്. സൂപ്പര്‍ താരം പരിക്കിന്റെ പിടിയിലാണെങ്കിലും റൊണാള്‍ഡോ അല്‍ ഹിലാലിനെതിരെ കളത്തിലിറങ്ങും എന്നു തന്നെയാണ് പുറത്തുവരുന്ന ശക്തമായ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

റൊണാള്‍ഡോ പൂര്‍ണ്ണമായും ഫിറ്റ് ആണെങ്കില്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോ സൂപ്പര്‍ താരത്തെ കളത്തിലിറക്കും. റൊണാള്‍ഡോക്ക് പുറമെ ഒരുപിടി മികച്ച താരങ്ങള്‍ അല്‍ നസറിനുണ്ട്. ബ്രസീലിയന്‍ താരമായ ടാലിസ്‌ക്ക, സെനഗല്‍ സൂപ്പര്‍ താരം സാദിയോ മാനെ എന്നീ ഓപ്ഷനുകളും ലൂയിസ് കാസ്‌ട്രോക്കുണ്ട്.

അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോ അല്‍ നസറിനായി മിന്നും ഫോമിലാണ് കളിക്കുന്നത്. ഈ സീസണില്‍ 19 മത്സരങ്ങളില്‍ നിന്നും 18 ഗോളുകളും ഒമ്പത് അസിസ്റ്റുകളുമാണ് റോണോയുടെ അക്കൗണ്ടിലുള്ളത്.

നിലവില്‍ സൗദി ലീഗില്‍ 38 പോയിന്റുമായി അല്‍ ഹിലാല്‍ ആണ് ഒന്നാം സ്ഥാനത്ത്. 34 പോയിന്റുമായി അല്‍ നസര്‍ രണ്ടാം സ്ഥാനത്തുമാണ്. അല്‍ ഹിലാലും അല്‍ നസറും തമ്മില്‍ നാല് പോയിന്റിന്റെ വ്യത്യാസം മാത്രമേ ഉള്ളൂ. അതുകൊണ്ടുതന്നെ പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ അല്‍ നസറും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അല്‍ ഹിലാലും കളത്തിലിറങ്ങുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പാണ്.

Content Highlight: Cristaino Ronaldo will play against Al Hilal ?