| Tuesday, 18th June 2024, 11:07 am

ഗോളടിക്കാതെ റൊണാൾഡോക്ക് ചരിത്രം കുറിക്കാം; ലോകത്തിലെ ആദ്യ താരമാവാൻ പോർച്ചുഗീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോപ്പിന്റെ ആദ്യ മത്സരത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും. നാളെ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പറങ്കിപ്പട പോരാട്ടത്തിനിറങ്ങുന്നത്.

2016ല്‍ നേടിയ യൂറോ കിരീടം വീണ്ടും പോര്‍ച്ചുഗലിന്റെ മണ്ണില്‍ എത്തിക്കാന്‍ ആയിരിക്കും റോബര്‍ട്ടോ മാർട്ടിനസും കൂട്ടരും ലക്ഷ്യമിടുക. ലെപ്‌സിക്കിലെ റെഡ് ബുള്‍ അറേനയില്‍ നടക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്.

ചെക്ക് റിപ്പബ്ലിക്കിനെതിരെ പോര്‍ച്ചുഗലിനായി കളത്തില്‍ ഇറങ്ങുന്നതോടുകൂടി യൂറോ കപ്പിന്റെ വ്യത്യസ്തമായ ആറ് പതിപ്പുകളില്‍ കളിക്കുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാന്‍ അല്‍ നസര്‍ നായകന് സാധിക്കും.

ഇതിനോടകം തന്നെ 2004, 2008, 2012, 2016, 2021 എന്നീ വര്‍ഷങ്ങളിൽ നടന്ന യൂറോ കപ്പുകളിലാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ബൂട്ട് കെട്ടിയത്. യൂറോ കപ്പിനുള്ള യോഗ്യത മത്സരത്തില്‍ മിന്നും പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയിരുന്നത്. പത്തില്‍ പത്ത് മത്സരങ്ങളും വിജയിച്ചു കൊണ്ട് രാജകീയമായി ആയിരുന്നു പോര്‍ച്ചുഗല്‍ യൂറോകപ്പിന് യോഗ്യത നേടിയത്.

യൂറോകപ്പിന് മുന്നോടിയായി നടന്ന അവസാന സൗഹൃദ മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പറങ്കിപ്പട വിജയിച്ചിരുന്നു. ആ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിക്കൊണ്ട് തകര്‍പ്പന്‍ പ്രകടനമായിരുന്നു റൊണാള്‍ഡോ നടത്തിയത്.

ഈ സീസണില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന് വേണ്ടി മിന്നും പ്രകടനമാണ് റൊണാള്‍ഡോ നടത്തിയത്. 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ സൗദി ലീഗില്‍ നേടിയത്.

റൊണാള്‍ഡോക്ക് പുറമെ വെറ്ററന്‍ താരം പെപ്പെ, ഡിയാഗോ ജോട്ട, ബര്‍ണാഡോ സില്‍വ, ഗോണ്‍സാലോ റാമോസ്, ജാവോ ഫെലിക്സ്, ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ കൂടി പോര്‍ച്ചുഗല്‍ ടീമില്‍ ചേരുമ്പോള്‍ ടീം കൂടുതല്‍ കരുത്തുറ്റതായി മാറുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Cristaino Ronaldo Waiting For a new Milestone in Football

We use cookies to give you the best possible experience. Learn more