| Monday, 1st January 2024, 1:37 pm

എന്റെ 2023ലെ എല്ലാ നിമിഷങ്ങളും ഇതിലുണ്ട്; റൊണാള്‍ഡോയുടെ വീഡിയോ ശ്രദ്ധ നേടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

അല്‍ നസര്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ 2023 ഫുട്‌ബോളിലെ മികച്ച നിമിഷങ്ങള്‍ എന്തെല്ലാമാണെന്ന് പങ്കുവെച്ചിരിക്കുകയാണ്. റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് 2023 റീകാപ്പ് വീഡിയോ പങ്കുവെച്ചത്. ഇതിനോടകം തന്നെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടി കഴിഞ്ഞു.

സൗദി വമ്പന്‍മാരായ അല്‍ നസറിനായി റൊണാള്‍ഡോ നേടുന്ന ആദ്യ ഗോള്‍ മുതല്‍ യൂറോ യോഗ്യത മത്സരങ്ങളില്‍ നേടിയ ഗോള്‍ വരെ വീഡിയോയില്‍ കാണാന്‍ സാധിക്കും. ‘ഈ നിമിഷത്തിന് നന്ദി’ എന്നായിരുന്നു വീഡിയോക്ക് ഉണ്ടായിരുന്ന ക്യാപ്ഷന്‍.

2023ല്‍ മികച്ച പ്രകടനമാണ് റൊണാള്‍ഡോ കാഴ്ചവെച്ചത്. അല്‍ നസറിനൊപ്പവും പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയും 54 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ഇതിന് പിന്നാലെ ഈ വര്‍ഷത്തെ ടോപ് സ്‌കോറര്‍ എന്ന ബഹുമതിയും റോണോ സ്വന്തം പേരിലാക്കിമാറ്റിയിരുന്നു.

52 ഗോളുകള്‍ നേടിയ ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെയും ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്‌നിനേയും മറികടന്നുകൊണ്ടായിരുന്നു റൊണാള്‍ഡോ തന്റെ 38 വയസിലും ഈ അവിസ്മരണീയ നേട്ടത്തിലെത്തിയത്.

2022 നവംബറിലാണ് റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്‍മാരോടൊപ്പം ചേരുന്നത്. അല്‍ നസറിനായി 50 മത്സരങ്ങളില്‍ നിന്നും 44 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. അതേസമയം ഈ സീസണില്‍ 23 ഗോളുകളും 11 അസിസ്റ്റുകളുമാണ് അക്കൗണ്ടിലാക്കിയിട്ടുള്ളത്.

2023ലെ അവസാന മത്സരത്തില്‍ അല്‍ താവൂണിനെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് റൊണാള്‍ഡോയും കൂട്ടരും പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെച്ചത്. ആ മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഒരു തകര്‍പ്പന്‍ ഹെഡര്‍ ഗോളും നേടിയിരുന്നു.

നിലവില്‍ സൗദി പ്രോ ലീഗില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍.

Content Highlight; Cristaino Ronaldo video viral in socail media.

Latest Stories

We use cookies to give you the best possible experience. Learn more