2024 യൂറോ കപ്പ് അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സെമി ഫൈനലില്‍ നാല് ടീമുകള്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങി നില്‍ക്കുകയാണ്. ആദ്യ സെമി ഫൈനലില്‍ സ്‌പെയിന്‍ ഫ്രാന്‍സിനെയും രണ്ടാം സെമിയില്‍ ഇംഗ്ലണ്ട് നെതര്‍ലാന്‍ഡ്‌സിനെയുമാണ് നേരിടുക.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലും ഇത്തവണ കിരീടം നേടാതെയാണ് മടങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ഫ്രാന്‍സിനോട് പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ പരാജയപ്പെട്ടാണ് പറങ്കിപ്പട യൂറോ മാമാങ്കത്തില്‍ നിന്നും പടിയിറങ്ങിയത്.
നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ പെനാല്‍ട്ടി വിധിയെഴുതിയ മത്സരത്തില്‍ 5-3 എന്ന സ്‌കോര്‍ലൈനില്‍ ആണ് ഫ്രാന്‍സ് റൊണാള്‍ഡോയെയും കൂട്ടരെയും കീഴടക്കിയത്.
പോര്‍ച്ചുഗലിന്റെ പുറത്താകലിനോടൊപ്പം ഒരു നിര്‍ഭാഗ്യകരമായ യൂറോകപ്പാണ് റൊണാള്‍ഡോക്ക് ലഭിച്ചത്. 2024 യൂറോ കപ്പില്‍ റൊണാള്‍ഡോയ്ക്ക് ഒരു ഗോള്‍ പോലും നേടാന്‍ സാധിച്ചിട്ടില്ല. യൂറോകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് റൊണാള്‍ഡോക്ക് ഗോള്‍ നേടാന്‍ സാധിക്കാതെ പോകുന്നത്.
തന്റെ ഫുട്‌ബോള്‍ കരിയറിലെ ആറാമത്തെ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പ് ആയിരുന്നു റൊണാള്‍ഡോക്ക് മുന്നില്‍ തിരശീല വീണിരിക്കുന്നത്. ടൂര്‍ണമെന്റില്‍ 23 ഷോട്ടുകളാണ് റൊണാള്‍ഡോ എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിര്‍ത്തത്.
ഇതോടെ ഒരു നിര്‍ഭാഗ്യകരമായ നേട്ടമാണ് അല്‍ നസര്‍ നായകനെ തേടിയെത്തിയത്. 2010 നു ശേഷം നടന്ന യൂറോ കപ്പ്, ലോകകപ്പ് തുടങ്ങിയ മേജര്‍ ടൂര്‍ണമെന്റുകളില്‍ ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ നേടിയിട്ടും ഒരു ഗോള്‍ പോലും നേടാന്‍ സാധിക്കാതെ പോകുന്ന താരമായി മാറാനാണ് റൊണാള്‍ഡോയ്ക്ക് സാധിച്ചത്.
2010 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസി 29 ഷോട്ടുകളാണ് ഗോള്‍ നേടാതെ സാധിക്കാതെ പോയത്. ഇതോടെ മെസിക്ക് പുറകില്‍ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ നിര്‍ഭാഗ്യ നേട്ടത്തില്‍ എത്താനും റൊണാള്‍ഡോക്ക് സാധിച്ചു.
അതേസമയം ഗ്രൂപ്പ് ഘട്ടത്തില്‍ ചെക്ക് റിപ്പബ്ലിക്ക് എതിരെയുള്ള മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ പിന്നെ വ്യത്യസ്ത ആറ് പതിപ്പുകളില്‍ മത്സരിക്കുന്ന ആദ്യ താരം എന്ന നേട്ടം റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.
ഈ യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമേ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് നേടാന്‍ സാധിച്ചിട്ടുള്ളൂ. യൂറോകപ്പിന്റെ ചരിത്രത്തിലെ റൊണാള്‍ഡോയുടെ എട്ടാം അസിസ്റ്റ് ആയിരുന്നു ഇത്. ഇതോടെ യൂറോപ്പ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന പ്രായം കൂടിയ താരം എന്ന നേട്ടവും റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചിരുന്നു.
യൂറോ കപ്പില്‍ നിന്നും പുറത്തായതോടെ റൊണാള്‍ഡോയുടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളിലെ ഭാവി എന്താകുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. രണ്ടുവര്‍ഷത്തിന് ഇപ്പുറം മറ്റൊരു ലോകകപ്പ് കൂടി മുന്നിലെത്തുമ്പോള്‍ റൊണാള്‍ഡോ വീണ്ടും പോര്‍ച്ചുഗീസ് ജേഴ്‌സിയില്‍ പന്ത് തട്ടുമോ എന്ന് കണ്ടു തന്നെ അറിയണം.
Content Highlight: Cristaino Ronaldo Unlucky Euro Cup 2024