യൂറോപ്യന്‍ ഫുട്‌ബോളിലെ ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ഏറ്റവും വലിയ ഫുട്‌ബോള്‍ മാമാങ്കമാണ് യുവേഫ ചാമ്പ്യന്‍സ് ലീഗ്. ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ ടീമാണ് ലോസ് ബ്ലാങ്കോസ്. 15 തവണയാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം തങ്ങളുടെ തട്ടകത്തിലെത്തിച്ചത്.
ഇപ്പോള്‍ റയല്‍ മാഡ്രിഡിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് പിന്നിലുള്ള രഹസ്യമെന്താണെന്ന് പറഞ്ഞിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.
ആളുകള്‍ പറയുന്നത് റയല്‍ ഭാഗ്യവാന്മാരാണ് എന്നാണ്. എന്നാല്‍ അവര്‍ ഭാഗ്യവാന്മാരല്ല. റയല്‍ ഇത്തരം നിമിഷങ്ങള്‍ക്കായി എപ്പോഴും തയ്യാറെടുക്കുന്നു. ബെര്‍ണബ്യൂവില്‍ ഇതിന് ആവശ്യമായ വ്യത്യസ്തമായ ഒരു ശക്തിയുണ്ട്. വലിയ ടീമുകള്‍ അവിടെ പോകുമ്പോള്‍ അവര്‍ ഒരു ഗോള്‍ റയലിനെതിരെ സ്‌കോര്‍ ചെയ്യും.എന്നാല്‍ മത്സരത്തിന്റെ 85 മിനിട്ടിലോ 90 മിനിട്ടിലോ അവര്‍ സമ്മര്‍ദം അനുഭവിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം റയല്‍ എക്കാലത്തെയും മികച്ച ക്ലബ്ബാണ്,’ റൊണാള്‍ഡോ പറഞ്ഞു.
യുവേഫ ചാമ്പ്യന്‍സ് ലീഗിലെ നിലവിലെ ചാമ്പ്യന്മാരും റയല്‍ മാഡ്രിഡ് തന്നെയാണ്. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് വീണ്ടും യൂറോപ്പിലെ രാജാക്കന്മാരായി മാറിയത്.
സ്പാനിഷ് വമ്പന്മാര്‍ക്കായി അവിസ്മരണീയമായ ഒരു കരിയറായിരുന്നു റൊണാള്‍ഡോ പടുത്തുയര്‍ത്തിയത്. റയലിനായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളും 131 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.
ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്. 2018ലാണ് റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറിയത്.
റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന്റെ താരമാണ്. നിലവില്‍ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടങ്ങളാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് കളിക്കുന്നത്.
ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് തകര്‍പ്പന്‍ ഫോമിലാണ് പോര്‍ച്ചുഗല്‍. ഈ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയിരുന്നു. ക്രൊയേഷ്യക്കെതിരെയുള്ള മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.
Content Highlight: Cristaino Ronaldo Talks The Reason of Real Madrid UCL Win