| Tuesday, 27th August 2024, 3:12 pm

ആ ക്ലബ്ബിൽ കളിച്ചായിരിക്കും ഞാൻ ഫുട്ബോളിൽ നിന്നും വിരമിക്കുക: റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്ബോള്‍ കരിയറിന്റെ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ റൊണാള്‍ഡോ അല്‍ നസറിനൊപ്പമുള്ള തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. നൗവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം.

‘ഫുട്‌ബോളില്‍ നിന്നുമുള്ള എന്റെ റിട്ടയര്‍മെന്റ് ഉടന്‍ നടക്കുമോയെന്ന് എനിക്കറിയില്ല. രണ്ടോ മൂന്നോ വര്‍ഷം, ഒരുപക്ഷേ അല്‍ നസറില്‍ നിന്നും ഞാന്‍ വിരമിച്ചേക്കാം. സൗദി അറേബ്യയിലും ഈ ലീഗിലും ഞാന്‍ മികച്ച നിലയിലാണ്. മിക്കവാറും ഞാന്‍ ഇവിടെ നിന്നു തന്നെ വിരമിക്കും. സൗദി ലീഗില്‍ കളിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

2022ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമാണ് റൊണാള്‍ഡോ സൗദി വമ്പന്‍മാരായ അല്‍ നസറില്‍ എത്തുന്നത്. റൊണാള്‍ഡോയുടെ വരവിന് പിന്നാലെ സൗദി ഫുട്‌ബോള്‍ ലോകത്ത് കൃത്യമായ ഒരു മേല്‍വിലാസം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിരുന്നു.

സൗദിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരം ആണ് നിലവില്‍ റൊണാള്‍ഡോ. പ്രതിവര്‍ഷം 2000 മില്യണ്‍ യൂറോയാണ് പോര്‍ച്ചുഗീസ് ഇതിഹാസം പ്രതിഫലമായി വാങ്ങുന്നത്. ഇതിനോടകം തന്നെ സൗദി വമ്പന്മാര്‍ക്ക് വേണ്ടി 67 മത്സരങ്ങളില്‍ ബൂട്ടുകെട്ടിയ റൊണാള്‍ഡോ 61 ഗോളുകളും 16 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്.

അല്‍ നസറുമായി റൊണാള്‍ഡോക്ക് 2025 വരെയാണ് കരാര്‍ ഉള്ളത്. തന്റെ കരാര്‍ അവസാനിച്ചാല്‍ റൊണാള്‍ഡോ വീണ്ടും ക്ലബ്ബുമായി കരാറിലേര്‍പ്പെടുമോ എന്ന് കണ്ടുതന്നെ അറിയണം.

സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ അല്‍ ഹിലാലിനോട് അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു നിലവിലെ സൗദി ചാമ്പ്യന്മാര്‍ അല്‍ നസറിനെ വീഴ്ത്തിയത്.

സൗദി പ്രോ ലീഗിന്റെ പുതിയ സീസണിലും അത്ര മികച്ച തുടക്കമായിരുന്നില്ല അല്‍ നസറിന് ലഭിച്ചത്. ആദ്യ മത്സരത്തില്‍ അല്‍ റെയ്ദിനെതിരെ സമനിലയില്‍ കുടുങ്ങുകയായിരുന്നു സൗദി വമ്പന്മാര്‍. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

മത്സരത്തില്‍ അല്‍ നസറിനായി ഗോള്‍ നേടിയിരുന്നത് റൊണാള്‍ഡോ ആയിരുന്നു. ഇതോടെ പുതിയൊരു നാഴികക്കല്ലിലേക്കും പോര്‍ച്ചുഗീസ് ഇതിഹാസം നടന്നു കയറിയിരുന്നു. സൗദി ലീഗില്‍ 50 ഗോളുകള്‍ എന്ന നേട്ടത്തിലേക്കാണ് റൊണാള്‍ഡോ കാലെടുത്തുവെച്ചത്.

രാജ്യാന്തരതലത്തിലും വ്യത്യസ്ത ക്ലബ്ബുകള്‍ക്കും വേണ്ടി ബൂട്ട് കെട്ടി റൊണാള്‍ഡോ ഇതിനോടകം തന്നെ 898 ഗോളുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അടിച്ചു കയറ്റിയത്. വരാനിരിക്കുന്ന മത്സരങ്ങളില്‍ രണ്ട് ഗോളുകള്‍ കൂടി നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ 900 ഗോളുകള്‍ നേടുന്ന ഫുട്‌ബോള്‍ ചരിത്രത്തില്‍ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിക്കും.

Content Highlight: Cristaino Ronaldo Talks His Retirement of Football

We use cookies to give you the best possible experience. Learn more