| Monday, 22nd July 2024, 3:19 pm

ഫുട്ബോൾ ഇഷ്ടമാണ്, അതിനേക്കാൾ ഇഷ്ടം മറ്റൊന്നാണ്: റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഇതിഹാസ താരങ്ങളിലൊരാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ വ്യക്തിജീവിതത്തില്‍ എങ്ങനെയാണ് ഫുട്‌ബോള്‍ ഭാഗമാവുന്നത് എന്നതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് റൊണാള്‍ഡോ. ടി.വിയില്‍ ഫുട്‌ബോള്‍ കളി കാണുന്നതിനേക്കാള്‍ കൂടുതല്‍ മറ്റു കായിക ഇനങ്ങള്‍ കാണാനാണ് താന്‍ ഇഷ്ടപ്പെടുന്നത് എന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

‘ഫുട്‌ബോള്‍ കളിക്കുക എന്നുള്ളത് എന്റെ അഭിനിവേശമാണ് എന്നാല്‍ ടി.വിയില്‍ മറ്റു കായിക ഇനങ്ങള്‍ കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഒരു ബോക്‌സിങ് മത്സരം അല്ലെങ്കില്‍ യു.എഫ്.സി എന്നിവയാണ് ഞാന്‍ കാണാന്‍ ഇഷ്ടപ്പെടുന്നത്,’ റൊണാള്‍ഡോ പറഞ്ഞതായി മാര്‍ക്ക റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം റൊണാള്‍ഡോ സൗദി വമ്പന്‍മാരായ അല്‍ നസറിനൊപ്പം പുതിയ സീസണില്‍ കളിക്കാനുള്ള ഒരുക്കത്തിലാണ്. കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ സാധിക്കാതെയായിരുന്നു അല്‍ നസര്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റൊണാള്‍ഡോയും സംഘവും ഈ സീസണില്‍ ബൂട്ട് കെട്ടുക.

അടുത്തിടെ അവസാനിച്ച യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്താന്‍ പോര്‍ച്ചുഗീസ് സാധിച്ചിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍റ്റിയില്‍ പരാജയപ്പെട്ടു കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. 2024 യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ നേടാതെ പോകുന്നത്.

എന്നാല്‍ ഈ യൂറോ കപ്പില്‍ രണ്ട് നേട്ടങ്ങള്‍ സ്വന്തം പേരിലാക്കാന്‍ അല്‍ നസര്‍ നായകന് സാധിച്ചിരുന്നു. ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ കളത്തില്‍ ഇറങ്ങിയതോടെ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിന്റെ വ്യത്യസ്ത ആറു പതിപ്പുകളില്‍ കളിക്കുന്ന ആദ്യ താരമായി റൊണാള്‍ഡോ മാറിയിരുന്നു.

ടൂര്‍ണമെന്റില്‍ നേടിയ അസിസ്റ്റിന് പിന്നാലെ യൂറോകപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നേടുന്ന പ്രായം കൂടിയ താരമായി മാറാനും പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നു. യൂറോകപ്പിന്റെ ആറ് വ്യത്യസ്ത എഡിഷനുകളില്‍ പന്തു തട്ടിയ റൊണാള്‍ഡോ എട്ട് അസിസ്റ്റുകളാണ് നേടിയിട്ടുള്ളത്.

യൂറോകപ്പിലേറ്റ തിരിച്ചടികളില്‍ നിന്ന് മുക്തി നേടി കൊണ്ട് വരാനിരിക്കുന്ന സൗദി പ്രൊ ലീഗില്‍ തന്നെ വേണ്ടി മിന്നും പ്രകടനം നടത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ച് വിശ്വസിക്കുന്നത്.

ജൂലൈ 24ന് നടക്കുന്ന സൗഹൃദ മത്സരത്തില്‍ പോര്‍ട്ടിമോണന്‍സിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം പിന്നീട് ജൂലൈ 28ന് നടക്കുന്ന മത്സരത്തില്‍ എഫ്.സി പോർട്ടോക്കെതിരെയും സൗദി വമ്പന്മാര്‍ കളിക്കും.

Content Highlight: Cristaino Ronaldo Talks his Football Life

We use cookies to give you the best possible experience. Learn more