അവന് ഇനിയും ഒരുപാട് വർഷം ഫുട്ബോൾ കളിക്കാൻ സാധിക്കുമായിരുന്നു: വിരമിച്ച സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ
Football
അവന് ഇനിയും ഒരുപാട് വർഷം ഫുട്ബോൾ കളിക്കാൻ സാധിക്കുമായിരുന്നു: വിരമിച്ച സൂപ്പർതാരത്തെക്കുറിച്ച് റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 11th September 2024, 3:00 pm

ജര്‍മന്‍ സൂപ്പര്‍താരം ടോണി ക്രൂസ് അടുത്തിടെ ഫുട്‌ബോളില്‍ നിന്നും വിരമിച്ചിരുന്നു. ഇപ്പോള്‍ ടോണി ക്രൂസിന്റെ ഈ വിരമിക്കല്‍ തീരുമാനത്തെക്കുറിച്ച് സംസാരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടോണിക്ക് ഇനിയും കുറച്ചുകാലം കൂടി ഫുട്‌ബോള്‍ കളിക്കാന്‍ സാധിക്കുമായിരുന്നെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. മാഡ്രിഡ് എക്‌സ്ട്രായിലൂടെ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

‘ടോണി ക്രൂസിന്റെ ഫുട്‌ബോളില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം അവന്റേതാണ്. നമ്മള്‍ അത് മനസിലാക്കണം. ഞാനവന്റെ ഈ തീരുമാനത്തെ മാനിക്കുന്നു. എങ്കിലും അദ്ദേഹത്തിന് കുറച്ച് വര്‍ഷങ്ങള്‍ കൂടി കളിക്കാന്‍ സാധിക്കുമായിരുന്നു. പക്ഷെ അവന്റെ തീരുമാണ് എല്ലാം,’ റൊണാള്‍ഡോ പറഞ്ഞു.

കഴിഞ്ഞ സീസണിലെ റയലിന്റെ ചാമ്പ്യന്‍സ് ലീഗ് വിജയത്തിന് ശേഷമാണ് ടോണി ക്രൂസ് തന്റെ ക്ലബ്ബ് ഫുട്‌ബോള്‍ യാത്ര അവസാനിപ്പിച്ചത്. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ജര്‍മന്‍ വമ്പന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് തങ്ങളുടെ ഫുട്ബോള്‍ ചരിത്രത്തിലെ പതിനഞ്ചാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്.

2013ല്‍ ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കില്‍ നിന്നുമാണ് ടോണി ക്രൂസ് റയല്‍ മാഡ്രിഡില്‍ എത്തുന്നത്. നീണ്ട 11 വര്‍ഷക്കാലം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ ഒരു അവിസ്മരണീയമായ കരിയറാണ് ടോണി കെട്ടിപ്പടുത്തിയര്‍ത്തിയത്. റയല്‍ മാഡ്രിഡിനൊപ്പം 465 മത്സരങ്ങളില്‍ നിന്നും 28 ഗോളുകളും 99 അസിസ്റ്റുകളുമാണ് താരം നേടിയത്.

റയല്‍ മാഡ്രിഡിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളിലും ജര്‍മന്‍ സ്‌നൈപ്പര്‍ പങ്കാളിയായിട്ടുണ്ട്. അഞ്ചു യുവേഫ സൂപ്പര്‍ കപ്പുകള്‍, നാല് ലാ ലിഗ കിരീടങ്ങള്‍ ഒരു കോപ്പാ ഡെല്‍റേ, നാല് സൂപ്പര്‍ കപ്പുകള്‍ എന്നീ കിരീടങ്ങളാണ് ടോണി ക്രൂസ് സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ പന്ത് തട്ടി നേടിയെടുത്തത്.

അടുത്തിടെ അവസാനിച്ച യൂറോ കപ്പിന് ശേഷമാണ് ടോണി ജര്‍മന്‍ ദേശീയ ടീമില്‍ നിന്നും വിരമിച്ചത്. സ്വന്തം തട്ടകത്തില്‍ വെച്ച് നടന്ന യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാനെ ജര്‍മനിക്ക് സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ യൂറോ ചാമ്പ്യന്‍മാരായ സ്‌പെയ്‌നിന്നോട് പരാജയപ്പെട്ടാണ് ജര്‍മനി പുറത്തായത്.

അതേസമയം സ്പാനിഷ് വമ്പന്മാര്‍ക്കായി അവിസ്മരണീയമായ ഒരു കരിയര്‍ റൊണാള്‍ഡോയും സൃഷ്ടിച്ചെടുത്തിട്ടുണ്ട്. റയലിനായി 438 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയ പോര്‍ച്ചുഗീസ് ഇതിഹാസം 450 ഗോളുകളാണ് അടിച്ചുകൂട്ടിയത്. 131 അസിസ്റ്റുകളും റയല്‍ ജേഴ്സിയില്‍ റൊണാള്‍ഡോ നേടിയിട്ടുണ്ട്.

ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപിടി കിരീടനേട്ടങ്ങളില്‍ പങ്കാളിയാവാനും റൊണാള്‍ഡോക്ക് സാധിച്ചിട്ടുണ്ട്. നാല് യുവേഫ ചാമ്പ്യന്‍സ് ലീഗ്, മൂന്ന് വീതം യുവേഫ സൂപ്പര്‍കപ്പ്, ഫിഫ ക്ലബ്ബ് ലോകകപ്പ്, രണ്ട് വീതം ലാ ലീഗ, കോപ്പ ഡെല്‍റേ, സ്പാനിഷ് സൂപ്പര്‍ കപ്പ് എന്നീ ട്രോഫികളാണ് റൊണാള്‍ഡോ റയലിനൊപ്പം നേടിയത്. 2018ലാണ് റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനൊപ്പമുള്ള നീണ്ട കരിയര്‍ അവസാനിപ്പിച്ചുകൊണ്ട് ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസിലേക്ക് ചേക്കേറിയത്.

 

Content Highlight: Cristaino Ronaldo Talks About Toni Kroos Retirement in Football