ഫുട്ബോളിൽ ഇങ്ങനെയൊരു സംഭവം ഇതുവരെ നടന്നിട്ടുണ്ടോയെന്ന് എനിക്കറിയില്ല: റൊണാൾഡോ
Football
ഫുട്ബോളിൽ ഇങ്ങനെയൊരു സംഭവം ഇതുവരെ നടന്നിട്ടുണ്ടോയെന്ന് എനിക്കറിയില്ല: റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 25th September 2024, 2:42 pm

രണ്ട് പതിറ്റാണ്ടുകളായി ഫുട്‌ബോള്‍ ലോകത്തെ വിസ്മയിപ്പിക്കുന്ന ഇതിഹാസങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ലാ ലീഗയില്‍ ബാഴ്സലോണക്കും റയല്‍ മാഡ്രിഡ്രിനും വേണ്ടി ഇരുതാരങ്ങളും പലതവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇരുവരുടെയും മികവുറ്റ ഈ മത്സരത്തെക്കുറിച്ച് ഒരിക്കല്‍ റൊണാള്‍ഡോ സംസാരിച്ചിരുന്നു. 2019 യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ നറുക്കെടുപ്പിന്റെ സമയത്താണ് റൊണാള്‍ഡോ ഇക്കാര്യം പറഞ്ഞത്.

മെസിയുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെന്നും ഫുട്‌ബോളില്‍ ഇതുപോലെ രണ്ട് താരങ്ങള്‍ ഇത്രയധികം കാലം ആധിപത്യം നിലനിര്‍ത്താന്‍ സാധിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നുമാണ് റൊണാള്‍ഡോ പറഞ്ഞത്. ഡെയ്ലി മെയ്‌ലിലൂടെ സംസാരിക്കുകയായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം.

‘ഞങ്ങള്‍ നീണ്ട 15 വര്‍ഷമായി ഈ വേദി പങ്കിടുന്നതിൽ എനിക്ക് വളരെ ആകാംക്ഷയുണ്ടായിരുന്നു. ഫുട്‌ബോളില്‍ എപ്പോഴെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഒരേസമയം രണ്ട് ആളുകള്‍ ഒരു വേദിയില്‍ നില്‍ക്കുക എന്നുള്ളത് വളരെ എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഞങ്ങള്‍ക്ക് അതിനു സാധിച്ചു. ഞങ്ങള്‍ തമ്മില്‍ മികച്ച ബന്ധമാണുള്ളത്. ഞങ്ങള്‍ ഇതുവരെ ഒരുമിച്ച് അത്താഴം കഴിച്ചിട്ടില്ല. പക്ഷേ അത് സംഭവിക്കുമെന്ന് ഭാവിയില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു,’ റൊണാള്‍ഡോ പറഞ്ഞു.

സ്പാനിഷ് ലീഗില്‍ 36 തവണയാണ് മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ റൊണാള്‍ഡോ 22 തവണ ലക്ഷ്യം കണ്ടപ്പോള്‍ മെസി 21 ഗോളുകളും നേടി.

റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന്റെ താരമാണ്. നിലവില്‍ സൗദിയില്‍ തന്റെ പ്രായത്തെ പോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടനങ്ങളാണ് റൊണാള്‍ഡോ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിച്ചത്.

യുവേഫ നേഷന്‍സ് ലീഗില്‍ ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെയാണ് റൊണാള്‍ഡോ ഈ ചരിത്രനേട്ടം കൈപ്പിടിയിലാക്കിയത്. റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് നടന്നു കയറിയിരുന്നു.

മറുഭാഗത്ത് മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. അടുത്തിടെ അവസാനിച്ച കോപ്പ അമേരിക്ക ഫൈനലില്‍ കൊളംബിയക്കെതിരെയുള്ള മത്സരത്തില്‍ മെസിക്ക് പരിക്ക് പറ്റിയിരുന്നു.

ഇതിനു പിന്നാലെ ധാരാളം മത്സരങ്ങള്‍ മെസിക്ക് നഷ്ടമായിരുന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസി മിന്നും പ്രകടമായിരുന്നു മയാമിക്ക് വേണ്ടി നടത്തിയിരുന്നത്. ഫിലാഡല്‍ഫിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പരാജയപ്പെടുത്തിയ മത്സരത്തില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടിയാണ് അര്‍ജന്റൈന്‍ സൂപ്പര്‍താരം തിളങ്ങിയത്.

 

Content Highlight: Cristaino Ronaldo Talks About The Relationship with Lionel Messi