| Tuesday, 2nd July 2024, 2:54 pm

'ആദ്യം സങ്കടവും അവസാനം സന്തോഷവും' പെനാൽട്ടി നഷ്ടപ്പെടുത്തിയതിനെ കുറിച്ച് റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

യൂറോ കപ്പിന്റെ പ്രീക്വാര്‍ട്ടറില്‍ സ്ലൊവേനിയയെ പെനാല്‍ട്ടി ഷൂട്ട് ഔട്ടില്‍ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയിരുന്നു. മത്സരത്തില്‍ നിശ്ചിത സമയത്തില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയും പെനാല്‍ട്ടി ഷൂട്ട് ഔട്ട് വിധിയെഴുതിയ മത്സരത്തില്‍ 3-0ത്തിന് പറങ്കിപ്പട ജയം സ്വന്തമാക്കുകയായിരുന്നു.

ഏക്സ്ട്രാ ടൈമില്‍ 104ാം മിനിട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചിരുന്നു. എന്നാല്‍ പെനാല്‍ട്ടി എടുക്കാന്‍ എത്തിയ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിഴക്കുകയായിരുന്നു. പോസ്റ്റിന്റെ വലതു കോര്‍ണറിലേക്ക് അടിച്ച റൊണാള്‍ഡോയുടെ ഷോട്ട് സ്ലോവേനിയന്‍ ഗോള്‍കീപ്പര്‍ ഒബ്ലാക് അനായാസമായി സേവ് ചെയ്യുകയായിരുന്നു. മത്സരത്തില്‍ നഷ്ടപ്പെടുത്തിയ ഈ നിര്‍ണായകമായ പെനാല്‍ട്ടിയെക്കുറിച്ച് റൊണാള്‍ഡോ പറഞ്ഞു.

‘തുടക്കത്തില്‍ സങ്കടവും അവസാനത്തില്‍ സന്തോഷവും തരും അതാണ് ഫുട്‌ബോള്‍. ഒരു കാര്യവും വിശദീകരിക്കാനാവാത്ത നിമിഷങ്ങളാണിത്. ദേശീയ ടീമിന് വേണ്ടി ഗോള്‍ നേടാന്‍ എനിക്ക് അവസരം ലഭിച്ചു പക്ഷേ ഞാനത് നഷ്ടപ്പെടുത്തുകയായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് അതിനെക്കുറിച്ച് എനിക്ക് ഒരു അവലോകനം ചെയ്യണം. ആ സമയത്ത് ഞാന്‍ നല്ല ഷോട്ടാണോ മോശം ഷോട്ട് ആണോ എടുത്തത് എന്ന് എനിക്കറിയില്ല,’ റൊണാള്‍ഡോ സ്പോര്‍ട്ട് ടി.വിയിലൂടെ പറഞ്ഞു.

അതേസമയം ഷൂട്ട് ഔട്ടില്‍ സ്ലൊവേനിയയുടെ ആദ്യ മൂന്നു കിക്കുകളും തകര്‍പ്പന്‍ സേവുകള്‍ നടത്തികൊണ്ട് ഡീഗോ കോസ്റ്റ പോര്‍ച്ചുഗലിന് ആവേശ വിജയം നേടികൊടുക്കുകയായിരുന്നു. പോര്‍ച്ചുഗലിനായി ആദ്യ പെനാല്‍ട്ടി കിക്ക് എടുത്തത് റൊണാള്‍ഡോ ആയിരുന്നു.

പോര്‍ച്ചുഗലിനായി രണ്ടാം കിക്ക് എടുത്തത് ബ്രൂണോ ഫെര്‍ണാണ്ടസ് ആയിരുന്നു. മൂന്നാം കിക്ക് ബെര്‍ണാഡോ സില്‍വയും കൃത്യമായി ലക്ഷ്യത്തിലെത്തിച്ചതോടെ പറങ്കിപ്പട ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടുകയായിരുന്നു. ജൂലൈ ആറിനാണ് റൊണാള്‍ഡോയും കൂട്ടരും ക്വാര്‍ട്ടര്‍ ഫൈനല്‍ പോരിനിറങ്ങുന്നത്. ബെല്‍ജിയത്തെ വീഴ്ത്തി എത്തിയ ഫ്രാന്‍സിനെയാണ് പോര്‍ച്ചുഗല്‍ നേരിടുക.

Content Highlight: Cristaino Ronaldo Talks about The Miss of Penalty

We use cookies to give you the best possible experience. Learn more