| Friday, 6th September 2024, 10:05 am

ഞാൻ ഒരിക്കലും റെക്കോഡുകൾ തകർക്കുന്നില്ല: റൊണാൾഡോയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

2024 യുവേഫ നേഷന്‍സ് ലീഗിലെ പോര്‍ച്ചുഗല്‍-ക്രോയേഷ്യ മത്സരത്തില്‍ ചരിത്രനിമിഷത്തിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയായത്. ലിസ്ബണിലെ എസ്റ്റാഡിയോ ഡോ ബെന്‍ഫിക്ക സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പോര്‍ച്ചുഗല്‍ വിജയിച്ചു കയറിയത്.

മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടികൊണ്ട് ചരിത്രത്തിലേക്കാണ് നടന്നുകയറിയത്. തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് റൊണാള്‍ഡോ ചുവടുവെച്ചത്.

ഫുട്‌ബോളില്‍ ഓഫീഷ്യല്‍ മത്സങ്ങളില്‍ 900 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു. മത്സരശേഷം തന്റെ ഈ പുതിയ നാഴികകല്ലിനെക്കുറിച്ച് റൊണാള്‍ഡോ സംസാരിച്ചു.

‘900 ഗോളുകള്‍ എന്നത് പുതിയൊരു നാഴികക്കല്ല് പോലെ തോന്നുന്നു. ഈ 900 ഗോളുകള്‍ നേടാന്‍ ഓരോ ദിവസവും എത്രത്തോളം കഠിനാധ്വാനം ചെയ്യണമെന്ന് എനിക്കറിയാം. ഇത് എന്റെ കരിയറിലെ ഒരു അതുല്യമായ നാഴികക്കല്ലാണ്. ഞാന്‍ റെക്കോഡുകള്‍ തകര്‍ക്കുന്നില്ല, അവ എന്നെ വേട്ടയാടുകയാണ്,’ റൊണാള്‍ഡോ പറഞ്ഞു.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് വേണ്ടി 450 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളുകളും ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും റൊണാള്‍ഡോ നേടി.

നിലവില്‍ റൊണാള്‍ഡോ കളിക്കുന്ന സൗദി വമ്പന്‍മാരായ അല്‍ നസറിനായി 68 ഗോളുകളും തന്റെ ആദ്യ ടീമായ സ്‌പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി അഞ്ച് ഗോളുകളും താരം നേടി. പോര്‍ച്ചുഗലിനൊപ്പം 131 തവണയും ലക്ഷ്യം കണ്ടു.

900 ഗോളുകളല്ല 1000 ഗോളുകളാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്ന് റൊണാള്‍ഡോ അടുത്തിടെ പറഞ്ഞിരുന്നു. തളരാത്ത കാലുകളിലൂടെ റൊണാള്‍ഡോ ഗോളടിച്ചു കൂട്ടുമ്പോള്‍ 1000 ഗോളുകള്‍ എന്ന പുതിയ മൈല്‍സ്റ്റോണിലേക്ക് താരം നടന്നുകയറുമോയെന്ന് കണ്ടുതന്നെ അറിയണം.

അതേസമയം ഏഴാം മിനിട്ടില്‍ ഡിയാഗോ ഡലോട്ടിലൂടെ പോര്‍ച്ചുഗലാണ് ആദ്യം ലീഡ് നേടിയത്. പിന്നീട് റൊണാള്‍ഡോയുടെ ഗോളില്‍ പോര്‍ച്ചുഗല്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തുകയുമായിരുന്നു. 41 മിനിട്ടില്‍ ഡിയാഗോയുടെ ഓണ്‍ ഗോളിലൂടെയാണ് ക്രോയേഷ്യ മത്സരത്തിലെ ഏകഗോള്‍ നേടിയത്.

ജയത്തോടെ ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. സെപ്റ്റംബര്‍ ഒമ്പതിന് സ്‌കോട്‌ലാന്‍ഡിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം.

Content Highlight: Cristaino Ronaldo Talks About The Historical Achievement in Football

We use cookies to give you the best possible experience. Learn more