| Saturday, 27th January 2024, 8:43 pm

സൗദി ലീഗ് ഇനിയും മെച്ചപ്പെടാനുണ്ട്; അൽ നസർ നായകന്റെ തുറന്നുപറച്ചിൽ

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗ് നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അടുത്തിടെ നടന്ന ഗ്ലോബല്‍ സോക്കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രതികരിക്കുകയായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം.

സൗദി ലീഗ് ഇനിയും മെച്ചപ്പെടാനുണ്ടെന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

‘ഒരു ലീഗ് മെച്ചപ്പെടുന്നതിന് നിരവധി ഘടകങ്ങള്‍ ഉണ്ട്. ഞാന്‍ മുമ്പ് പറഞ്ഞതുപോലെ സൗദി ലീഗ് ഒരുപാട് മെച്ചപ്പെടാന്‍ ഉണ്ട്. സൗദിയിലെ ആരാധകര്‍ ലോക ഫുട്‌ബോളില്‍ അഭിമാനകരമായ ഒരു ഘട്ടത്തിലേക്കെത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവിടെയുള്ള നിക്ഷേപങ്ങള്‍ വളരെ വലുതാണ്.

സൗദിയില്‍ മാത്രമല്ല തൊട്ടപ്പുറത്തുള്ള ദുബായില്‍ വരെ കാര്യങ്ങള്‍ ഒരുപാടു മാറി. അതുകൊണ്ടുതന്നെ ലോകത്തില്‍ വളരെയധികം ശ്രദ്ധ പിടിച്ചുപറ്റാന്‍ സൗദി ലീഗിന് സാധിക്കും അതിനവര്‍ വളരെയധികം അര്‍ഹരാണ്,’ റൊണാള്‍ഡോയെ ഉദ്ധരിച്ച് സ്‌പോര്‍ട്ട്‌ബൈബിള്‍ പറഞ്ഞു.

പോര്‍ച്ചുഗീസ് സൂപ്പര്‍താരം റൊണാള്‍ഡോ 2023ലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദിയില്‍ എത്തുന്നത്. റൊണാള്‍ഡോയുടെ ഈ ട്രാന്‍സ്ഫര്‍ യൂറോപ്യന്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോകളില്‍ വിപ്ലവാത്മകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

റൊണാള്‍ഡോക്ക് പിന്നാലെ യൂറോപ്പിലെ പല പ്രമുഖ താരങ്ങളും സൗദിയിലേക്ക് കൂടു മാറിയിരുന്നു. നെയ്മര്‍, കരിം ബെന്‍സെമ, സാദിയോ മാനെ, എന്‍ഗോലോ കാന്റെ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം സൗദിയിലേക്ക് ചേക്കേറിയിരുന്നു. ഇതിന് പിന്നാലെ ലോക ഫുട്‌ബോളില്‍ സൗദി ലീഗിന് കൃത്യമായ ഒരു മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനും സാധിച്ചിരുന്നു.

അതേസമയം റൊണാള്‍ഡോ ഈ സീസണില്‍ മിന്നും ഫോമിലാണ് നസറിനു വേണ്ടി കളിക്കുന്നത്. ഇതിനോടകം തന്നെ 24 ഗോളുകളും 11 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 2023ല്‍ മറ്റൊരു റെക്കോഡ് നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു.

2023 കലണ്ടര്‍ വർഷത്തിൽ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമായിരുന്നു ഈ 38 കാരന്‍ സ്വന്തം പേരിലാക്കി മാറ്റിയത്. സൗദി വമ്പന്‍മാരായ അല്‍ നസറിനു വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിന് വേണ്ടിയും 54 ഗോളുകള്‍ ആണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

Content Highlight: Cristaino Ronaldo talks about Saudi pro League.

We use cookies to give you the best possible experience. Learn more