| Tuesday, 3rd September 2024, 2:43 pm

ഇപ്പോൾ എന്റെ മുന്നിലുള്ള ഒരേയൊരു ലക്ഷ്യം അത് മാത്രമാണ്: റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്കാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. സെപ്റ്റംബര്‍ ആറിന് നടക്കുന്ന ആവേശകരമായ പോരാട്ടത്തില്‍ പോര്‍ച്ചുഗലും ക്രോയേഷ്യയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

ഈ ആവേശകരമായ മത്സരത്തിന് മുന്നോടിയായി യുവേഫ നേഷൻസ് ലീഗിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേശീയ ടീമിനൊപ്പം നേഷന്‍സ് ലീഗ് വിജയിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

‘പോര്‍ച്ചുഗലിനൊപ്പമുള്ള എന്റെ ഫുട്‌ബോള്‍ കരിയര്‍ അവസാനിച്ചുവെന്ന് ഒരിക്കലും ഞാന്‍ മനസില്‍ ചിന്തിച്ചിട്ടില്ല. ഇപ്പോഴും പോര്‍ച്ചുഗല്‍ ടീമിനൊപ്പം തുടരാന്‍ എനിക്ക് ആഗ്രഹമുണ്ട്. ദേശീയ ടീമിനൊപ്പം നേഷന്‍സ് ലീഗ് നേടണം. അതാണ് ഇപ്പോള്‍ എന്നെ പ്രചോദിപ്പിക്കുന്നത്. ഞങ്ങള്‍ ഇതിനുമുമ്പ് ഈ ടൂര്‍ണമെന്റ് ഒരുതവണ വിജയിച്ചിട്ടുണ്ട്. വീണ്ടും നേഷന്‍സ് ലീഗ് വിജയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ റൊണാള്‍ഡോ ഇ.എസ്.പി.എന്നിലൂടെ പറഞ്ഞു.

2018-19 യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത് പോര്‍ച്ചുഗലായിരുന്നു. അന്ന് പോര്‍ച്ചുഗലിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. 11 മത്സരങ്ങളില്‍ നിന്നും ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയിരുന്നത്.

അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാനെ റൊണാള്‍ഡോക്കും സംഘത്തിനും സാധിച്ചിരുന്നുള്ളൂ. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അതുകൊണ്ട് തന്നെ സ്വന്തം ദേശീയ ടീമിനൊപ്പം മറ്റൊരു ടൂര്‍ണമെന്റില്‍ ശക്തമായി തിരിച്ചുവരാനുള്ള മികച്ച അവസരമാണ് റൊണാള്‍ഡോയുടെ മുന്നിലെത്തി നില്‍ക്കുന്നത്.

യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളും പോര്‍ച്ചുഗല്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, ഡിയാഗോ കോസ്റ്റ, റൂബന്‍ ഡയസ്, ഡിയാഗോ ജോട്ട, ജാവോ ഫെലിക്സ് തുടങ്ങിയ ഒരു പിടി മികച്ച താരങ്ങളും പറങ്കിപടക്കൊപ്പം ചേരുമ്പോള്‍ റോബര്‍ട്ടോ മാര്‍ട്ടിനസും കൂട്ടരും കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.

Content Highlight: Cristaino Ronaldo Talks About Nations League 2024

We use cookies to give you the best possible experience. Learn more