| Friday, 6th September 2024, 2:10 pm

ഞാനും അവനുമൊക്കെ ഇപ്പോഴും മിന്നും ഫോമിലാണ്, ഞങ്ങൾ ഇനിയും കളിക്കും: റയൽ ഇതിഹാസത്തെക്കുറിച്ച് റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷന്‍സ് ലീഗില്‍ ക്രോയേഷ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. മത്സരശേഷം ക്രോയേഷ്യന്‍ സൂപ്പര്‍താരം ലൂക്ക മോഡ്രിച്ചിനെക്കുറിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംസാരിച്ചു. മോഡ്രിച്ചുമായുള്ള ബന്ധത്തെക്കുറിച്ചാണ് റൊണാള്‍ഡോ പറഞ്ഞത്. മാഡ്രിഡ് ഏക്‌സ്ട്രാ സോണിലൂടെ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

‘ലൂക്കയും ഞാനും സുഹൃത്തുക്കളാണ്. അവന്‍ ഇപ്പോഴും കളിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഇത് അതിശയകരമാണ്. അവനെതിരെയും ക്രോയേഷ്യക്കെതിരെയും കളിക്കുന്നത് സന്തോഷകരമാണ്. ഞാനും അവനും ഇപ്പോഴും നല്ല ഫോമിലാണ്, ഞങ്ങള്‍ ഫുട്‌ബോള്‍ കളിക്കുന്നത് തുടരും,’ റൊണാള്‍ഡോ പറഞ്ഞു.

റൊണാള്‍ഡോയും മോഡ്രിച്ചും 2012 മുതല്‍ 2018 വരെ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ഒരുമിച്ച് പന്തുതട്ടിയിട്ടുണ്ട്. ഇരുവരും സ്പാനിഷ് വമ്പന്മാര്‍ക്കായി 222 മത്സരങ്ങളിലാണ് ഒരുമിച്ച് കളിച്ചിട്ടു. ഇരുവരും ചേര്‍ന്ന് 16 ഗോളുകളും റയലിനായി നേടിയിട്ടുണ്ട്.

ലോസ് ബ്ലാങ്കോസിനൊപ്പം ഒരുപാട് കിരീടങ്ങള്‍ സ്വന്തമാക്കാന്‍ ഇരുവര്‍ക്കും സാധിച്ചു. ഒരു ലാ ലിഗ, കോപ്പ ഡെല്‍റേ, രണ്ട് വീതം സൂപ്പര്‍ കോപ്പ ഡി എസ്പാന, യുവേഫ സൂപ്പര്‍ കപ്പ്, മൂന്ന് ഫിഫ ക്ലബ്ബ് ലോകകപ്പ്, നാല് ചാമ്പ്യന്‍സ് ലീഗ് എന്നീ കിരീടങ്ങളാണ് റയലിനൊപ്പം റൊണാള്‍ഡോയും മോഡ്രിച്ചും നേടിയത്.

മത്സരത്തില്‍ റൊണാള്‍ഡോ ഒരു ചരിത്രനേട്ടവും കൈപ്പിടിയിലാക്കിയിരുന്നു. ക്രോയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് റൊണാള്‍ഡോ ചുവടുവെച്ചത്. ഫുട്ബോളില്‍ 900 ഗോളുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു.

സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് വേണ്ടി 450 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 145 ഗോളുകളും ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും റൊണാള്‍ഡോ നേടി.

നിലവില്‍ റൊണാള്‍ഡോ കളിക്കുന്ന സൗദി വമ്പന്‍മാരായ അല്‍ നസറിനായി 68 ഗോളുകളും തന്റെ ആദ്യ ടീമായ സ്പോര്‍ട്ടിങ് ലിസ്ബണിന് വേണ്ടി അഞ്ച് ഗോളുകളും താരം നേടി. പോര്‍ച്ചുഗലിനൊപ്പം 131 തവണയും ലക്ഷ്യം കണ്ടു.

സെപ്റ്റംബര്‍ ഒമ്പതിന് സ്‌കോട്ലാന്‍ഡിനെതിരെയാണ് പോര്‍ച്ചുഗലിന്റെ അടുത്ത മത്സരം. അന്നേ ദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ പോളണ്ടിനെയാണ് ക്രോയേഷ്യ നേരിടുക.

Content Highlight: Cristaino Ronaldo Talks About Luka Modric

We use cookies to give you the best possible experience. Learn more