| Tuesday, 10th September 2024, 8:58 pm

എന്നെ ഇഷ്ടപ്പെടുന്നവര്‍ അവനെ വെറുക്കേണ്ടതില്ല: പ്രസ്താവനയുമായി റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

ഫുട്‌ബോളില്‍ മെസിയുമായുള്ള മത്സരം എങ്ങനെയാണെന്നതിനെക്കുറിച്ച് റൊണാള്‍ഡോ സംസാരിച്ചിരുന്നു. മെസിയുമായുള്ള തന്റെ ഫുട്‌ബോളിലെ മത്സരം ആളുകള്‍ക്ക് നന്നായി ഇഷ്ടപ്പെട്ടുവെന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

‘ഞാന്‍ അങ്ങനെയുള്ള കാര്യങ്ങള്‍ നോക്കുന്നില്ല. ഞങ്ങള്‍ തമ്മില്‍ നല്ല മത്സരങ്ങള്‍ നടന്നു. ആരാധകര്‍ക്ക് അത് ഇഷ്ടപ്പെട്ടുവെന്ന് ഞാന്‍ കരുതുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഇഷ്ടപ്പെടുന്നവര്‍ മെസിയെ വെറുക്കേണ്ടതില്ല. അത് മെസിയുമായി നോക്കുമ്പോഴും അങ്ങനെ തന്നെയാണ്. ഫുട്‌ബോളില്‍ ഞങ്ങള്‍ കാര്യങ്ങള്‍ നന്നായി ചെയ്തു, ഫുട്‌ബോളില്‍ ലോകമെമ്പാടും ഞങ്ങള്‍ ബഹുമാനിക്കപ്പെടുന്നു, അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നെനിക്ക് തോന്നുന്നു,’ റൊണാള്‍ഡോ ഇ.എസ്.പി.എന്നിലൂടെ പറഞ്ഞു.

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന് വേണ്ടിയും താരം പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്. അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

മറുഭാഗത്ത് റൊണാള്‍ഡോ നിലവിൽ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ റൊണാള്‍ഡോ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് കളിക്കുന്നത്.

ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് തകര്‍പ്പന്‍ ഫോമിലാണ് പോര്‍ച്ചുഗല്‍. ഈ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയിരുന്നു. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്‌ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.

Content Highlight: Cristaino Ronaldo Talks About Lionel Messi

We use cookies to give you the best possible experience. Learn more