| Monday, 9th September 2024, 11:05 pm

ലോകത്തിലെ മികച്ച താരം അവനാണ്: റൊണാൾഡോയുടെ വാക്കുകൾ ചർച്ചയാവുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.

റൊണാള്‍ഡോ ഒരിക്കല്‍ മെസിയുടെ ഫുട്‌ബോളിലെ പ്രതിഭയെക്കുറിച്ച് സംസാരിച്ചിരുന്നു. 2022ല്‍ പ്രമുഖ ജേര്‍ണലിസ്റ്റായ പിയേഴ്‌സ് മോര്‍ഗനുമായി ടോക്ക് സ്‌പോര്‍ട്ടിലൂടെ നടന്ന അഭിമുഖത്തിലായിരുന്നു റൊണാള്‍ഡോ അര്‍ജന്റൈന്‍ ഇതിഹാസത്തെക്കുറിച്ച് സംസാരിച്ചത്. ഇപ്പോള്‍ റൊണാള്‍ഡോ പറഞ്ഞ ഈ വാക്കുകള്‍ വീണ്ടും ഫുട്‌ബോള്‍ സര്‍ക്കിളുകളില്‍ സജീവമാവുകയാണ്.

‘ഞാന്‍ റൊണാള്‍ഡോയുമായി അഭിമുഖം നടത്തി. അവനെ ആദ്യമായി അഭിമുഖം നടത്തിയതില്‍ ഞാന്‍ വളരെ സന്തോഷവാനായിരുന്നു. വളരെ മികച്ച ഒരു സംഭാഷണമായിരുന്നു ഞാന്‍ അവനുമായി നടത്തിയത്. ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തെ വളരെ ഇഷ്ടമാണ്. നിങ്ങള്‍ ഫുട്‌ബോളില്‍ കണ്ടിട്ടുള്ളതിലെ ഏറ്റവും മികച്ച താരമാരാണെന്ന് ഞാന്‍ റൊണാള്‍ഡോയോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം മെസിയാണ് മികച്ച താരമെന്ന് പറഞ്ഞു. പക്ഷെ നിങ്ങള്‍ തെറ്റായ ചോദ്യമാണ് എന്നോട് ചോദിച്ചത്. കാരണം ഞാന്‍ കളിക്കുന്നത് ഒരിക്കലും ലൈവ് കണ്ടിട്ടില്ല എന്ന് റൊണാള്‍ഡോ പറഞ്ഞു. അദ്ദേഹത്തിന്റെ മറുപടി കേട്ട് ഞാന്‍ ഒരുപാട് ചിരിച്ചു,’ പിയേഴ്‌സ് മോര്‍ഗന്‍ പറഞ്ഞു.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്സലോണയില്‍ ഒരു അവിസ്മരണീയമായ ഫുട്‌ബോള്‍ കരിയര്‍ സൃഷ്ടിച്ചെടുത്ത മെസി പിന്നീട് ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്ന് വേണ്ടിയും താരം പന്തുതട്ടി. നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് കളിക്കുന്നത്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കായി 904 മത്സരങ്ങളില്‍ നിന്നും 735 ഗോളുകളാണ് മെസി നേടിയിട്ടുള്ളത്.

രാജ്യാന്തരതലത്തില്‍ അര്‍ജന്റീനക്കായി ഒരുപിടി മികച്ച സംഭാവനകള്‍ നല്‍കാനും മെസിക്ക് സാധിച്ചിട്ടുണ്ട്. അര്‍ജന്റീനക്കായി 187 മത്സരങ്ങള്‍ കളിച്ച താരം 109 തവണയാണ് എതിരാളികളുടെ വലയില്‍ പന്തെത്തിച്ചത്.

അര്‍ജന്റീന സമീപകാലങ്ങളില്‍ നേടിയ കിരീടനേട്ടങ്ങളില്‍ മെസി വഹിച്ച പങ്ക് വളരെ വലുതായിരുന്നു. രണ്ട് കോപ്പ അമേരിക്ക, ലോകകപ്പ്, ഫൈനല്‍സീമ എന്നീ കിരീടങ്ങളാണ് സമീപകാലങ്ങളില്‍ അര്‍ജന്റീന മെസിയുടെ നേതൃത്വത്തില്‍ നേടിയത്.

മറുഭാഗത്ത് റൊണാള്‍ഡോ നിലവിലെ തന്റെ പ്രായത്തെപോലും കാഴ്ചക്കാരനാക്കി കൊണ്ട് മിന്നും പ്രകടങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ റൊണാള്‍ഡോ യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിനായി മിന്നും ഫോമിലാണ് കളിക്കുന്നത്.

ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ചു കൊണ്ട് തകര്‍പ്പന്‍ ഫോമിലാണ് പോര്‍ച്ചുഗല്‍. ഈ രണ്ടു മത്സരങ്ങളിലും റൊണാള്‍ഡോ പോര്‍ച്ചുഗലിനായി ഗോള്‍ നേടിയിരുന്നു. ക്രൊയേഷ്യക്കെതിരെയുള്ള ആദ്യ മത്സരത്തില്‍ ഗോള്‍ നേടിയതിന് പിന്നാലെ തന്റെ ഫുട്ബോള്‍ കരിയറില്‍ 900 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ നടന്നു കയറിയിരുന്നു.

സ്‌കോട്‌ലാന്‍ഡിനെതിരെയുള്ള രണ്ടാം മത്സരത്തിലും റൊണാള്‍ഡോ ഗോള്‍ നേടിയിരുന്നു. സ്‌കോട്‌ലാന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ പോര്‍ച്ചുഗലിനായി വിജയഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു.

Content Highlight: Cristaino Ronaldo Talks About Lionel Messi

We use cookies to give you the best possible experience. Learn more