| Wednesday, 29th May 2024, 12:52 pm

സൗദി കീഴടക്കി, ഇനി എന്റെ മുന്നിലുള്ള അടുത്ത ലക്ഷ്യം അതാണ്: റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

2023-24 സൗദി പ്രോ ലീഗ് സീസണ്‍ അവസാനിച്ചിരിക്കുകയാണ്. അവസാന മത്സരത്തില്‍ അല്‍ ഇത്തിഹാദിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തി കൊണ്ടായിരുന്നു അൽ നസർ ഈ സീസണ്‍ അവസാനിപ്പിച്ചത്. ജയത്തോടെ 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാല് തോല്‍വിയും നാല് സമനിലയും അടക്കം 82 പോയിന്റോട് രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും ഫിനിഷ് ചെയ്തത്.

ഇനി അല്‍ നസറിന്റെ മുന്നിലുള്ളത് കിങ് കപ്പ് ഓഫ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലാണ്. മെയ് 31ന് നടക്കുന്ന ഫൈനലില്‍ സൗദി പ്രോ ലീഗിലെ ചാമ്പ്യന്മാരായ അല്‍ ഹിലാലിനെയാണ് റൊണാള്‍ഡോയും കൂട്ടരും നേരിടുക.

കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തിന് മുന്നോടിയായി തന്റെ ഇനിയുള്ള ലക്ഷ്യം എന്താണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അല്‍ നസര്‍ നായകന്‍ റൊണാള്‍ഡോ. അല്‍ നസര്‍ ഓണ്‍ എക്സിലൂടെ പ്രതികരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം.

‘ഞങ്ങളുടെ അടുത്ത ലക്ഷ്യം കിങ്സ് കപ്പാണ്. ഫൈനലില്‍ ഞങ്ങള്‍ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കും. അല്‍ ഹിലാലിനെതിരെ മികച്ച പ്രകടനങ്ങള്‍ക്കായാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.

അതേസമയം സൗദി ലീഗിലെ അവസാന മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിനെതിരെ ബൂട്ട് കെട്ടാന്‍ ഒരുങ്ങുന്നത്. സൗദി ലീഗില്‍ ഈ സീസണില്‍ 35 ഗോളുകളും 13 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയത്.

ഇതിനു പിന്നാലെ സൗദി ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനും റൊണാള്‍ഡോ സാധിച്ചു. ഇതോടെ നാല് വ്യത്യസ്ത ലീഗുകളില്‍ ടോപ് സ്‌കോറര്‍ ആവുന്ന ചരിത്രത്തിലെ ആദ്യ താരമായി ആവാനും റൊണാള്‍ഡോക്ക് സാധിച്ചു.

ഇതിന് മുമ്പ് സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിനൊപ്പം മൂന്ന് തവണയാണ് റൊണാള്‍ഡോ ടോപ് സ്‌കോറര്‍ ആയത്. സിരി എയില്‍ യുവന്റസിനൊപ്പവും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പവും റൊണാള്‍ഡോ ടോപ് സ്‌കോറര്‍ നേട്ടം സ്വന്തമാക്കിയിരുന്നു.

Content Highlight: Cristaino Ronaldo talks about Kings cup Final

We use cookies to give you the best possible experience. Learn more