| Tuesday, 27th August 2024, 10:33 am

ഫുട്ബോളിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് ഞാനൊരു തീരുമാനമെടുത്തിട്ടുണ്ട്: പ്രസ്താവനയുമായി റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്‌ബോള്‍ കരിയറിന്റെ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഫുട്‌ബോള്‍ നിന്നും വിരമിച്ചതിനുശേഷം പരിശീലകനായി എത്തുന്നതിനെ കുറിച്ചുള്ള അഭിപ്രായം പറഞ്ഞിരിക്കുകയാണ് റൊണാള്‍ഡോ. നൗ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസം.

‘എന്റെ ആദ്യ ടീമിന്റെ പരിശീലകനായോ മറ്റേതെങ്കിലും ഒരു ടീമിന്റെ പരിശീലകനായോ പ്രവര്‍ത്തിക്കുക എന്നത് ഇപ്പോള്‍ എന്റെ മനസിലില്ല. ഫുട്‌ബോള്‍ ജീവിതത്തിലെ എന്റെ ഭാവി അങ്ങനെയാണെന്ന് ഞാന്‍ കാണുന്നില്ല. ഫുട്‌ബോളിന് പുറത്ത് മറ്റു കാര്യങ്ങള്‍ ചെയ്യാനാണ് ഞാന്‍ ശ്രമിക്കുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.

പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പമുള്ള തന്റെ ഭാവിയെക്കുറിച്ചും റൊണാള്‍ഡോ സംസാരിച്ചു.

‘ഞാന്‍ ദേശീയ ടീമില്‍ നിന്നും വിരമിക്കാന്‍ പോകുന്ന കാര്യം മുന്‍കൂട്ടി ആരോടും പറയില്ല. ഇത് ഞാന്‍ സ്വതസിദ്ധമായി എടുത്ത തീരുമാനമാണ്. മാത്രമല്ല വളരെ നന്നായി ആലോചിച്ചെടുത്ത തീരുമാനവുമാണ്. ഇപ്പോള്‍ എന്റെ മുന്നിലുള്ളത് ദേശീയ ടീമിനെ നന്നായി സഹായിക്കുക എന്നതാണ്. നേഷന്‍സ് ലീഗ് മത്സരങ്ങളാണ് ഇനി വരാനുള്ളത്. അതുകൊണ്ടുതന്നെ ഈ ടൂര്‍ണമെന്റില്‍ കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്താനെ പോര്‍ച്ചുഗലിന് സാധിച്ചുള്ളൂ. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടിയില്‍ പരാജയപ്പെട്ടാണ് റൊണാള്‍ഡോയും സംഘവും യൂറോ കപ്പില്‍ നിന്നും പുറത്തായത്.

ഇതിനു പിന്നാലെ പോര്‍ച്ചുഗല്‍ ടീമിനൊപ്പം റൊണാള്‍ഡോ എത്രകാലം തുടരുമെന്ന് ചര്‍ച്ചകള്‍ നിലനിന്നിരുന്നു. ഇപ്പോഴിതാ പോര്‍ച്ചുഗലിനായി താന്‍ ഇനിയും കളിക്കും എന്ന റൊണാള്‍ഡോയുടെ വാക്കുകള്‍ ആരാധകരില്‍ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.

അതേസമയം നിലവില്‍ സൗദി പ്രോ ലീഗിന്റെ പുതിയ സീസണില്‍ അത്ര മികച്ച തുടക്കമായിരുന്നില്ല റൊണാള്‍ഡോയും സംഘത്തിനും ലഭിച്ചത്. ആദ്യ മത്സരത്തില്‍ റെയ്ദിനെതിരെ അല്‍ നസര്‍ സമനിലയില്‍ കുടുങ്ങുകയായിരുന്നു. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു.

ഇതിനുമുമ്പ് നടന്ന സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്‍മാരായ അല്‍ ഹിലാലിനോട് പരാജയപ്പെട്ട് അല്‍ നസറിന് കിരീടം നഷ്ടമായിരുന്നു. ഒന്നിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു അല്‍ ഹിലാല്‍ ലൂയിസ് കാസ്‌ട്രോയെയും കൂട്ടരേയും തകര്‍ത്തുവിട്ടത്. സൗദി പ്രോ ലീഗില്‍ ഓഗസ്റ്റ് 27ന് അല്‍ ഫെയ്ഹക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. കിങ് അബ്ദുള്ള സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയമാണ് വേദി.

Content Highlight: Cristaino Ronaldo Talks About His Future On Football

We use cookies to give you the best possible experience. Learn more