| Thursday, 16th May 2024, 10:15 am

ഭാവിയിൽ ഞാൻ ഒരിക്കലും ഒരു ഇതിഹാസ താരമാവുമെന്ന് കരുതിയിരുന്നില്ല: ക്രിസ്റ്റ്യാനോ റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ബാല്യകാലങ്ങളിലെ ഫുട്‌ബോള്‍ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്. വൂപ്പിന്റെ സ്ഥാപകനും സി.ഇ.ഒയുമായ ബില്‍ അഹമ്മദുമായുള്ള ഫോര്‍ഡ് കാസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു പോര്‍ച്ചുഗീസ് സൂപ്പര്‍ താരം.

ഫുട്‌ബോളില്‍ താന്‍ ഒരിക്കലും ഒരു സൂപ്പര്‍താരം ആവുമെന്ന് സ്വപ്നം കണ്ടിരുന്നില്ല എന്നാണ് റൊണാള്‍ഡോ പറഞ്ഞത്.

‘എനിക്ക് ഏഴ്, എട്ട്, ഒമ്പത് വയസുള്ള സമയങ്ങളില്‍ ഞാന്‍ വീട്ടിലും തെരുവുകളിലും ഫുട്‌ബോള്‍ കളിക്കാന്‍ തുടങ്ങി. അവിടെ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. ഫുട്‌ബോള്‍ ആയിരുന്നു എന്റെ ആദ്യത്തെ പ്രണയം. എന്നാല്‍ ഞാനൊരു മികച്ച താരം ആവും എന്ന് ഒരിക്കലും കരുതിയിരുന്നില്ല,’ റൊണാള്‍ഡോ പറഞ്ഞു.

ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ഒരുപിടി മികച്ച ക്ലബ്ബുകള്‍ക്കൊപ്പം പന്ത് തട്ടിയ റൊണാള്‍ഡോ ഇപ്പോള്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന്റെ താരമാണ്. തന്റെ കരിയറില്‍ 891 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഇത്രയധികം ഗോളുകള്‍ അടിച്ചുകൂട്ടിയ മറ്റൊരു താരമില്ല എന്നതും ശ്രദ്ധേയമാണ്.

തന്റെ മുപ്പത്തിയൊമ്പതാം വയസിലും വീര്യം ചോരാത്ത മിന്നും പ്രകടനമാണ് റൊണാള്‍ഡോ നടത്തുന്നത്. ഈ സീസണില്‍ ഇതിനോടകം തന്നെ 28 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകളും 10 അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ അക്കൗണ്ടില്‍ ഉള്ളത്. വരും മത്സരങ്ങളും താരത്തിന്റെ ബൂട്ടുകളില്‍ നിന്നും ഗോളുകള്‍ പിറക്കും എന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

മെയ് 17ന് അല്‍ ഹിലാലിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. ഇതിനോടകം തന്നെ ഈ സീസണിലെ കിരീടം അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു. സൗദി പ്രോ ലീഗിലെ അല്‍ ഹിലാലിന്റെ 19ാം സൗദി കിരീടം നേട്ടമായിരുന്നു ഇത്. അല്‍ അസാമിനെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു ഇതിനു പിന്നാലെയാണ് അല്‍ ഹിലാല്‍ സൗദിയിലെ ചാമ്പ്യന്മാരായി മാറിയത്.

Content Highlight: Cristaino Ronaldo talks about His Childhood Football Life

We use cookies to give you the best possible experience. Learn more