| Thursday, 29th August 2024, 8:31 am

900 ഗോളൊന്നുമല്ല, വിരമിക്കുന്നതിന് മുമ്പ് എനിക്ക് ആ ലക്ഷ്യം നേടിയെടുക്കണം: റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ഫുട്ബോള്‍ കരിയറിന്റെ അവസാനഘട്ടത്തോട് അടുത്തുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതിന് മുമ്പ് തന്റെ കരിയറില്‍ നേടാന്‍ ആഗ്രഹിക്കുന്ന ഒരു നിര്‍ണായക നാഴികകല്ലിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് റൊണാള്‍ഡോ. തന്റെ യൂട്യൂബ് ചാനലായ യു.ആറിലൂടെ പോര്‍ച്ചുഗീസ് ഇതിഹാസം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഉടന്‍ തന്നെ 900 ഗോളുകള്‍ സ്‌കോര്‍ ചെയ്യും. പിന്നീട് ഞാന്‍ 1000 ഗോള്‍ അടിക്കും. എനിക്ക് പരിക്കുകളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇതാണ് എന്റെ മുന്നിലുള്ള പ്രധാനപ്പെട്ട കാര്യം. എനിക്ക് അത് വേണം. എന്നെ സംബന്ധിച്ചിടത്തോളം ഇത് ഫുട്‌ബോളില്‍ എനിക്ക് നേടാന്‍ ആകുന്ന ഏറ്റവും മികച്ച മാര്‍ക്കാണ്. ഇപ്പോള്‍ ഞാന്‍ 900 ഗോളുകള്‍ നേടുന്ന ആദ്യത്തെ ആളാകും. എന്നാല്‍ 1000 ഗോളുകളില്‍ എത്തുക എന്നതാണ് എന്റെ വെല്ലുവിളി,’ റൊണാള്‍ഡോ പറഞ്ഞു.

സൗദി പ്രോ ലീഗില്‍ അല്‍ ഫെയ്ഹയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി അല്‍ നസര്‍ പുതിയ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിനാണ് ഫുട്ബോള്‍ ലോകം സാക്ഷിയായത്.

മത്സരത്തിന്റെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോ ഫ്രീ കിക്ക് ഗോള്‍ നേടിയത്. ഈ ഗോളോടെ ഫുട്ബോള്‍ കരിയറിലെ ഗോളുകളുടെ എണ്ണം 899 ആക്കി മാറ്റാനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ 900 ഗോളുകളെന്ന പുതിയ നാഴികക്കല്ലിലേക്കും റൊണാള്‍ഡോക്ക് കാലെടുത്തുവെക്കാം.

ഇതിനോടകം തന്നെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്ലബ്ബ് തലത്തില്‍ വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കുമായി 899 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. റയല്‍ മാഡ്രിഡിനായി 451 മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി 145 യുവന്റസിനായി 101 അല്‍ നസറിനായി 67 പോര്‍ച്ചുഗലിന് 130 സ്പോര്‍ട്ടിങ് ലിസ്ബണിനായി അഞ്ച് എന്നിങ്ങനെയാണ് റൊണാള്‍ഡോ വ്യത്യസ്ത ടീമുകളില്‍ കളിച്ചു നേടിയ ഗോളിന്റെ കണക്കുകള്‍.

സൗദി ലീഗില്‍ സെപ്റ്റംബര്‍ 13നാണ് അല്‍ നസര്‍ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അല്‍ അഹ്‌ലി സൗദിക്കെതിരെയാണ് ലൂയിസ് കാസ്ട്രോയും കൂട്ടരും കളിക്കുക. അല്‍ അഹ്‌ലിയുടെ തട്ടകമായ അല്‍ ആവാല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഈ മത്സരത്തിലും റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും ഗോളുകള്‍ പിറക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

Content Highlight: Cristaino Ronaldo Talks About His Big Goal in Football

We use cookies to give you the best possible experience. Learn more