ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ടെന്‍ ഹാഗിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ടെന്‍ ഹാഗ് പരിശീലകനെന്ന നിലയില്‍ എല്ലാ സീസണുകളിലും കിരീടങ്ങള്‍ നേടാന്‍ ശ്രമിക്കണണമെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ സഹതാരമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡിനൊപ്പം തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.
‘മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം വലിയ മാറ്റങ്ങള്‍ വരുത്തണം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും ചാമ്പ്യന്‍സ് ലീഗും നേടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കഴിയില്ലെന്ന് അവര്‍ തന്നെ പറയുന്നു. എന്നാല്‍ ക്ലബ്ബിന്റെ പരിശീലകനെന്ന നിലയില്‍ നിങ്ങള്‍ കിരീടങ്ങള്‍ നേടാന്‍ ശ്രമിക്കുന്നില്ലെന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. നിങ്ങള്‍ ലീഗോ അല്ലെങ്കില്‍ ചാമ്പ്യന്‍സ് ലീഗോ വിജയിയിക്കണം,’ റൊണാള്‍ഡോ പറഞ്ഞു.
കഴിഞ്ഞ സീസണില്‍ ടെന്‍ ഹാഗിന്റെ കീഴില്‍ എഫ്.എ കപ്പ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. ചെയ്ത വൈരികളായ മാഞ്ചസ്റ്റര്‍ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്.എ കപ്പ് സ്വന്തമക്കിയത്.
ഈ വിജയത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം റെഡ് ഡെവിള്‍സ് പരിശീലകന്‍ ടെന്‍ ഹാഗ് സ്വന്തമാക്കിയിരുന്നു. ഒരു ഡൊമസ്റ്റിക് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനെ പരാജയപ്പെടുത്തുന്ന ആദ്യ മാനേജറായിട്ടാണ് ടെന്‍ ഹാഗ് മാറിയത്. 25 മത്സരങ്ങള്‍ അണ്‍ബീറ്റണായി മിന്നും പ്രകടനം നടത്തികൊണ്ട് എത്തിയ മാഞ്ചസ്റ്റര്‍ സിറ്റിയെയായിരുന്നു അന്ന് ടെന്‍ ഹാഗും കൂട്ടരും തകര്‍ത്തുവിട്ടത്.
എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ എട്ടാം സ്ഥാനത്തായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫിനിഷ് ചെയ്തിരുന്നത്. 38 മത്സരങ്ങളില്‍ നിന്നും 18 വിജയവും ആറ് സമനിലയും 14 തോല്‍വിയും അടക്കം 60 പോയിന്റ് ആയിരുന്നു റെഡ് ഡെവിള്‍സ് നേടിയത്.
അതേസമയം പുതിയ സീസണില്‍ മൂന്നു മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ഒരു വിജയവും രണ്ടു തോല്‍വിയും ആയി മൂന്ന് പോയിന്റോടെ പതിനാലാം സ്ഥാനത്താണ് ടെന്‍ ഹാഗും സംഘവും. സീസണിലെ ആദ്യ മത്സരത്തില്‍ ഫുള്‍ ഹാമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തികൊണ്ട് മികച്ച തുടക്കമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ലഭിച്ചത്.
എന്നാല്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും റെഡ് ഡെവിള്‍സ് പരാജയപ്പെടുകയായിരുന്നു. ബ്രൈറ്റണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കും കരുത്തരായ ലിവര്‍പൂള്‍ എതിരെയില്ലാത്ത മൂന്ന് ഗോളുകള്‍ക്കുമായിരുന്നു മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്.
സെപ്റ്റംബര്‍ 14ന് സതാംപ്ടണിനെതിരെയാണ് ടെന്‍ ഹാഗിന്റെയും കൂട്ടരുടെയും അടുത്ത മത്സരം. സതാംപ്ടണിന്റെ തട്ടകമായ സെയ്ന്റ് മേരീസ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Cristaino Ronaldo Talks About Eric Ten Hag