| Tuesday, 9th January 2024, 7:40 pm

റൊണാള്‍ഡോയുടെ അതേ പ്രതിഭ; ഇവനാവുമോ അടുത്ത റോണോ?

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മകന്‍ തന്റെ ഫുട്‌ബോള്‍ പരിശീലനത്തിനിടെ നേടിയ ഒരു അതിശയകരമായ ഫ്രീകിക്ക് ഗോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

തന്റെ പതിമൂന്നാം വയസ്സില്‍ തന്നെ ഇത്രയധികം പ്രതിഭയുള്ള ഗോള്‍ നേടിയതിന്റെ ആവേശത്തിലാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ആഘോഷമാക്കി മാറ്റിയത്. ചെല്‍സിയുടെ അക്കാദമി താരമായ യഹ്യ ഇന്ദ്രിസ്സിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

അതേസമയം പോര്‍ച്ചുഗീസ് ഇതിഹാസം റൊണാള്‍ഡോ പല രാജ്യങ്ങളിലെ പല ക്ലബ്ബുകള്‍ക്കും വേണ്ടിയും അവിസ്മരണീയമായ ഒരു കരിയര്‍ ആണ് കെട്ടിപ്പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിലും സ്‌പെയിനിലും ഇറ്റലിയിലും സൗദി അറേബ്യയില്‍ എല്ലാം റൊണാള്‍ഡോ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞ പ്രതിഭയാണ്.

നിലവില്‍ സൗദി വമ്പന്‍മാരായ അല്‍ നസറിന്റെ താരമാണ് റൊണാള്‍ഡോ. ഈ സീസണിലും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം കാഴ്ചവെക്കുന്നത്.

24 ഗോളുകളും 11 അസിസ്റ്റുകളും നേടിക്കൊണ്ട് മിന്നും ഫോമിലാണ് റൊണാള്‍ഡോ. 2023ല്‍ മറ്റൊരു റെക്കോഡ് നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കിയിരുന്നു. 2023 കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായി മാറാനും റൊണാള്‍ഡോയ്ക്ക് സാധിച്ചിരുന്നു. ക്ലബ്ബിനും ദേശീയ ടീമിനു വേണ്ടിയും 54 ഗോളുകളാണ് ഈ 38 കാരന്‍ അടിച്ചുകയറ്റിയത്. ഇംഗ്ലീഷ് നായകന്‍ ഹാരി കെയ്ന്‍, ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ തുടങ്ങിയ താരങ്ങളെ മറികടന്നു കൊണ്ടായിരുന്നു റൊണാള്‍ഡോയുടെ മുന്നേറ്റം.

സൗദി പ്രോ ലീഗിലെ ഡിസംബര്‍ മാസത്തിലെ ഏറ്റവും മികച്ച താരമായി അല്‍ നസര്‍ നായകന്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാലാം തവണയാണ് റൊണാള്‍ഡോ ഈ നേട്ടം സ്വന്തമാക്കുന്നത്.

ഫെബ്രുവരി, ഓഗസ്റ്റ്, സെപ്റ്റംബര്‍ എന്നീ മാസങ്ങളിലായിരുന്നു ഇതിനുമുമ്പ് റൊണാള്‍ഡോ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിയത്. ഡിസംബറില്‍ നടന്ന അഞ്ചു ലീഗ് മത്സരങ്ങളില്‍ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളും ആണ് റൊണാള്‍ഡോ നേടിയത്.

Content Highlight: Cristaino Ronaldo son have scored a wonderful free kick goal.

We use cookies to give you the best possible experience. Learn more