| Monday, 9th September 2024, 5:23 pm

48 രാജ്യങ്ങൾക്കും ഒരേയൊരു വില്ലൻ; ചരിത്രത്തിലെ ആദ്യ താരമായി റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

2024 യുവേഫ നേഷന്‍സ് ലീഗില്‍ പോര്‍ച്ചുഗലിന് തുടര്‍ച്ചയായ രണ്ടാം ജയം. സ്‌കോട്‌ലാന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ പറങ്കിപ്പടയ്ക്കുവേണ്ടി വിജയഗോള്‍ നേടിയത് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആയിരുന്നു.

മത്സരത്തില്‍ പ്ലെയിങ് ഇലവനില്‍ റൊണാള്‍ഡോ ഇറങ്ങിയിരുന്നില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ഇറങ്ങിയ റൊണാള്‍ഡോ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. മത്സരത്തിന്റെ 88ാം മിനിട്ടില്‍ ആയിരുന്നു റൊണാള്‍ഡോ ഗോള്‍ നേടിയത്. ഈ ഗോളിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്. 48 വ്യത്യസ്ത രാജ്യങ്ങള്‍ക്കെതിരെ ഗോള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടമാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.

അന്‍ഡോറ, അര്‍ജന്റീന, അര്‍മേനിയ, അസര്‍ബൈജാന്‍, ബെല്‍ജിയം,ബോസ്നിയ, കാമറൂണ്‍, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്, ഡെന്മാര്‍ക്ക്, ഇക്വഡോര്‍, ഈജിപ്ത്, എസ്റ്റോണിയ, ഫറോ ഐസ്ലാന്‍ഡ്‌സ്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഘാന, ഗ്രീസ്, ഹംഗറി, ഐസ്ലാന്‍ഡ്, ഇറാന്‍, ഇസ്രഈല്‍, കസാക്കിസ്ഥാന്‍, ലാത്വിയ, ലിച്ചെന്‍സ്റ്റൈന്‍, ലിത്വാനിയ, ലക്സംബര്‍ഗ്, മൊറോക്കോ, ന്യൂസിലാന്‍ഡ്, നെതര്‍ലാന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്, നോര്‍ത്ത് കൊറിയ, പനാമ, പോളണ്ട്, ഖത്തര്‍, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, റഷ്യ, സൗദി അറേബ്യ, സ്‌കോട്‌ലാന്‍ഡ്, സെര്‍ബിയ, സ്ലൊവാക്യ, സ്പെയിന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഉക്രെയ്ന്‍, വെയില്‍സ് എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ് റൊണാള്‍ഡോ ഗോളുകള്‍ നേടിയത്.

കഴിഞ്ഞ മത്സരത്തില്‍ ക്രൊയേഷ്യ ക്കെതിരെ ഗോള്‍ നേടിയതിന് പിന്നാലെ ഫുട്‌ബോള്‍ ചരിത്രത്തില്‍ 900 ഒഫീഷ്യല്‍ ഗോളുകള്‍ എന്ന നാഴികക്കല്ലിലേക്ക് റൊണാള്‍ഡോ കാലെടുത്തുവെച്ചിരുന്നു.

അതേസമയം മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ സ്‌കോട്ട് മക്ടോമിനായിലൂടെ സ്‌കോട്‌ലാന്‍ഡാണ് ആദ്യം ലീഡ് നേടിയത്. ഒടുവില്‍ ഈ ഗോളിന്റെ പിന്‍ബലത്തില്‍ സ്‌കോട്‌ലാന്‍ഡ് ആദ്യ പകുതി സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ പറങ്കിപ്പട മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയായിരുന്നു.

55ാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസിലൂടെ പോര്‍ച്ചുഗല്‍ മറുപടി ഗോള്‍ നേടുകയായിരുന്നു. ഒടുവില്‍ മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ റൊണാള്‍ഡോയുടെ ഗോളും പിറന്നതോടെ പോര്‍ച്ചുഗല്‍ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു.

വിജയത്തോടെ ഗ്രൂപ്പില്‍ രണ്ടു വിജയങ്ങളുമായി ആറ് പോയിന്റോടെ ഒന്നാംസ്ഥാനത്തെത്താനും റൊണാള്‍ഡോക്കും സംഘത്തിനും സാധിച്ചു.

Content Highlight: Cristaino Ronaldo Scores Goals Against 48 Different Countries

We use cookies to give you the best possible experience. Learn more