സൗദി കീഴടക്കാന്‍ വേണ്ടത് മൂന്ന് ഗോളുകള്‍; ചരിത്ര നേട്ടത്തിനരികെ റൊണാള്‍ഡോ
Football
സൗദി കീഴടക്കാന്‍ വേണ്ടത് മൂന്ന് ഗോളുകള്‍; ചരിത്ര നേട്ടത്തിനരികെ റൊണാള്‍ഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 30th December 2023, 2:03 pm

സൗദി വമ്പന്‍മാരായ അല്‍ നസറിനൊപ്പം മിന്നും ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളിക്കുന്നത്. ഇപ്പോഴിതാ സൗദിയില്‍ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്.

സൗദി പ്രോ ലീഗില്‍ ഈ സീസണില്‍ മൂന്നു ഗോള്‍ കൂടി നേടാന്‍ സാധിച്ചാല്‍ ഒരു തകര്‍പ്പന്‍ നേട്ടത്തിലേക്കായിരിക്കും പോര്‍ച്ചുഗീസ് ഇതിഹാസം കാലെടുത്തുവെക്കുക.

സൗദി പ്രോ ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോഡ് നേട്ടമാണ് റൊണാള്‍ഡോയെ കാത്തിരിക്കുന്നത്. നിലവില്‍ നസറിനായി സൗദി ലീഗില്‍ 33 മത്സരങ്ങളില്‍ നിന്നും 33 ഗോളുകളാണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്. 33 ഗോളുകളുമായി അല്‍ അഹ്ലി മുന്‍ സ്ട്രൈക്കര്‍ ഒമര്‍ അല്‍ സോമയും റോണോക്കൊപ്പമുണ്ട്.

നിലവില്‍ അല്‍ ഇത്തിഹാദ് താരം അബ്ദുറസാഖ് ഹംദല്ലയുടെ പേരിലാണ് ഈ റെക്കോഡ് ഉള്ളത്. 2019 സീസണില്‍ 35 ഗോളുകള്‍ ആണ് ഈ മൊറോക്കന്‍ സ്‌ട്രൈക്കര്‍ നേടിയിട്ടുള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ മൂന്നു ഗോളുകള്‍ നേടാന്‍ സാധിച്ചാല്‍  പുതിയ നാഴികകല്ല് കീഴടക്കാന്‍ ഈ 38 കാരന് സാധിക്കും.

അതേസമയം ഈ സീസണില്‍ അല്‍ നസറിനായി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. ഓരോ മത്സരങ്ങളിലും തന്റെ ഗോളടി മികവ് തുടര്‍ന്ന് മികച്ച മുന്നേറ്റമാണ് അല്‍ നസര്‍ നടത്തുന്നത്.

ഈ സീസണില്‍ 22 ഗോളുകളും 11 അസിസ്റ്റുകളുമാണ് റൊണാള്‍ഡോയുടെ പേരിലുള്ളത്. 2023ല്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമെന്ന ബഹുമതിയും പോര്‍ച്ചുഗീസ് താരം സ്വന്തമാക്കിയിരുന്നു. ക്ലബ്ബിന് വേണ്ടിയും പോര്‍ച്ചുഗല്‍ ദേശീയ ടീമിനുവേണ്ടിയും 53 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്.

നിലവില്‍ സൗദി ലീഗില്‍ 18 മത്സരങ്ങളില്‍ നിന്നും 14 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും.

ഡിസംബര്‍ 30ന് അല്‍ ടാവൂണിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlight: Cristaino Ronaldo score three goals will create a new record in Saudi pro league.