സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അല്‍ വെഹ്ദയെ എതിരില്ലാത്ത ആറു ഗോളുകള്‍ക്കാണ് സൗദി വമ്പന്മാര്‍ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തകര്‍പ്പന്‍ ഹാട്രിക്ക് നേടി മിന്നും പ്രകടനമാണ് നടത്തിയത്. സൗദി ലീഗിലെ റൊണാള്‍ഡോയുടെ നാലാം ഹാട്രിക് ആയിരുന്നു ഇത്. ഈ ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും പോര്‍ച്ചുഗീസ് സൂപ്പര്‍ താരം സ്വന്തമാക്കി.
ഈ സീസണില്‍ 50 ഗോളുകള്‍ എന്ന പുതിയ നാഴികക്കല്ലിലേക്കാണ് റൊണാള്‍ഡോ നടന്നു കയറിയത്. മത്സരത്തില്‍ 5, 12, 52 എന്നീ മിനിട്ടുകളില്‍ ആയിരുന്നു റൊണാള്‍ഡോയുടെ മൂന്ന് ഗോളുകള്‍ പിറന്നത്.
അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-1-4-1 എന്ന ഫോര്‍മേഷനില്‍ ആണ് അല്‍ നസര്‍ അണിനിരന്നത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയുമാണ് അല്‍ വെഹ്ദ പിന്തുടര്‍ന്നത്.
മത്സരത്തില്‍ റൊണാള്‍ഡോക്ക് പുറമെ ഒറ്റാവിയോ 19, സാദിയോ മാനെ 45, മുഹമ്മദ് അലി ഫാറ്റി 88 എന്നിവരാണ് മറ്റ് ഗോള്‍ സ്‌കോറര്‍മാര്‍.
മത്സരത്തില്‍ 14 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് അല്‍ നസര്‍ ഉതിര്‍ത്തത് ഇത് ഏഴും ലക്ഷ്യത്തിലേക്ക് ആയിരുന്നു. മറുഭാഗത്ത് ആറ് ഷോട്ടുകളാണ് എതിര്‍ ടീം അല്‍ നസറിന്റെ പോസ്റ്റിലേക്ക് ഉന്നം വെച്ചത്. എന്നാല്‍ ഒന്നും തന്നെ ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് അടിക്കാന്‍ അല്‍ വെഹ്ദക്ക് സാധിച്ചില്ല.
ഈ തകര്‍പ്പന്‍ വിജയത്തോടെ സൗദി ലീഗില്‍ 30 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ 24 വിജയവും രണ്ട് സമനിലയും നാലു തോല്‍വിയും അടക്കം 74 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.