150 ക്ലബ്ബുകൾക്കും ഒരേയൊരു വില്ലൻ; ഇടിവെട്ട് റെക്കോഡ് തൂക്കി റൊണാൾഡോ
Football
150 ക്ലബ്ബുകൾക്കും ഒരേയൊരു വില്ലൻ; ഇടിവെട്ട് റെക്കോഡ് തൂക്കി റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st October 2024, 8:01 am

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അല്‍ റയാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി വമ്പന്‍മാര്‍ പരാജയപ്പെടുത്തിയത്.

അല്‍ അവാല്‍ പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെയുടെ ഗോളിലൂടെ അല്‍ നസറാണ് ആദ്യം ലീഡ് നേടിയത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു മാനെയുടെ ഗോള്‍ പിറന്നത്.

രണ്ടാം പകുതിയില്‍ 76ാം മിനിട്ടില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലക്ഷ്യം കണ്ടതോടെ അല്‍ നസര്‍ മത്സരം പൂര്‍ണമായും സ്വന്തമാക്കുകയായിരുന്നു.  അല്‍ നസറിനായി റൊണാള്‍ഡോ നേടുന്ന 71ാം ഗോളായിരുന്നു ഇത്.

അല്‍ റയാന്റെ വലയില്‍ പന്തെത്തിച്ചതോടെ ഒരു തകര്‍പ്പന്‍ നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. 150 വ്യത്യസ്ത ക്ലബ്ബുകള്‍ക്കെതിരെ ഗോള്‍ നേടുന്ന താരമായി മാറാനാണ് പോര്‍ച്ചുഗീസ് ഇതിഹാസത്തിന് സാധിച്ചത്.

തന്റെ ഫുട്‌ബോള്‍ കരിയറിലെ 904ാം ഗോളായിരുന്നു റൊണാള്‍ഡോ നേടിയത്. 1000 ഗോളുകള്‍ എന്ന നാഴികക്കല്ലിലെത്താന്‍ റൊണാള്‍ഡോക്ക് ഇനി 96 ഗോളുകളുടെ ദൂരം മാത്രമേ ബാക്കിയുള്ളൂ. 900 ഗോളുകളല്ല 1000 ഗോളുകള്‍ നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് റൊണാള്‍ഡോ നേരത്തേ പറഞ്ഞിരുന്നു.

അതേസമയം മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ റോഗര്‍ ഗുഡെസിലൂടെ അല്‍ റയാന്‍ ഒരു ഗോള്‍ തിരിച്ചടിച്ചിരുന്നു. അവസാന നിമിഷങ്ങളില്‍ എതിരാളികള്‍ സമനില പിടിക്കുമെന്ന് കരുതിയെങ്കിലും അല്‍ നസര്‍ പ്രതിരോധം ശക്തമായി നിലനില്‍ക്കുകയായിരുന്നു.

മത്സരത്തില്‍ 57 ശതമാനം ബോള്‍ പൊസഷനും റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്തായിരുന്നു. അല്‍ റയാന്റെ പോസ്റ്റിലേക്ക് തൊടുത്ത 16 ഷോട്ടുകളില്‍ ആറെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ അല്‍ നസറിന് സാധിച്ചു. മറുഭാഗത്ത് 12 ഷോട്ടുകളില്‍ ആറെണ്ണം അല്‍ റയാന് ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചു.

ജയത്തോടെ എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഓരോ വീതം ജയവും സമനിലയുമായി നാല് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് അല്‍ നസര്‍.

സൗദി പ്രോ ലീഗില്‍ ഒക്ടോബര്‍ അഞ്ചിന് അല്‍ ഒറോബക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവ്വാല്‍ പാര്‍ക്കിലാണ് മത്സരം നടക്കുക.

 

Content Highlight: Cristaino Ronaldo Score Goals Against 150 Clubs