സൗദി പ്രൊ ലീഗില്‍ വിജയ കുതിപ്പ് തുടര്‍ന്ന് അല്‍ നസര്‍. അല്‍ അഹ്ലി സൗദിയെ എതിരെയില്ലാത്ത ഒരു ഗോളിനാണ് അല്‍ നസര്‍ പരാജയപ്പെടുത്തിയത്.
മത്സരത്തില്‍ സൗദി വമ്പന്മാര്‍ക്ക് വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഗോള്‍ നേടിയത്. ഇതോടെ സൗദി പ്രോ ലീഗില്‍ ഈ സീസണില്‍ തന്റെ ഗോള്‍ നേട്ടം 23 ആക്കി മാറ്റാന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് സാധിച്ചു. അല്‍ നസറിനൊപ്പം ഈ സീസണില്‍ മുഴുവന്‍ മത്സരങ്ങളില്‍ 32 മത്സരങ്ങളില്‍ നിന്നും 29 ഗോളുകളും 11 അസിസ്റ്റുകളും ആണ് റൊണാള്‍ഡോയുടെ അക്കൗണ്ടിലുള്ളത്.
ഇതിനു പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും റൊണാൾഡോക്ക് സാധിച്ചു. അൽ നസറിനായി 50 ഗോളുകൾ എന്ന പുതിയ നാഴികല്ലിലേക്കാണ് റോണോ നടന്നുകയറിയത്.
കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരു ടീമുകളും പോരാട്ടത്തിനിറങ്ങിയത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചിരുന്നില്ല. രണ്ടാം പകുതിയില്‍ 68ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെച്ചുകൊണ്ട് റൊണാള്‍ഡോയാണ് അല്‍ നസറിനായി ഏക ഗോള്‍ നേടിയത്. മത്സരത്തില്‍ പന്തുമായി മുന്നേറിയ അല്‍ നസര്‍ താരത്തെ ബോക്‌സില്‍ വീഴ്ത്തിയതിനെ തുടര്‍ന്ന് റഫറി വാര്‍ പരിശോധിക്കുകയും അല്‍ നസറിന് അനുകൂലമായി പെനാല്‍ട്ടി നല്‍കുകയുമായിരുന്നു.
അല്‍ നസറിന്റെ പോസ്റ്റിലേക്ക് എതിരാളികള്‍ 10 ഷോട്ടുകള്‍ ആണ് പായിച്ചത്. എന്നാല്‍ ഇതൊന്നും ലക്ഷ്യം കാണാതെ പുറത്തുപോയതാണ് എതിരാളികള്‍ക്ക് തിരിച്ചടിയായത്.
ജയത്തോടെ സൗദി പ്രോ ലീഗില്‍ 24 മത്സരങ്ങളില്‍ നിന്നും 18 വിജയവും രണ്ട് സമനിലയും നാല് തോല്‍വിയും അടക്കം 56 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും.
മാര്‍ച്ച് 31ന് അല്‍ തായ്‌ക്കെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. അല്‍ അവാല്‍ സ്റ്റേഡിയമാണ് വേദി.
Content Highlight: Cristaino Ronaldo score a goal mand Al Nassr win