| Wednesday, 28th August 2024, 7:59 am

വീണ്ടും മഴവില്ല്, 899ന്റെ നിറവിൽ റൊണാൾഡോ; സൗദിയിൽ അൽ നസർ തേരോട്ടം തുടങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗ് പുതിയ സീസണിലെ ആദ്യ ജയം സ്വന്തമാക്കി അല്‍ നസര്‍. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അല്‍ ഫെയ്ഹയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് സൗദി വമ്പന്‍മാര്‍ പരാജയപ്പെടുത്തിയത്.

കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഒരു തകര്‍പ്പന്‍ ഫ്രീ കിക്ക് ഗോളിനാണ് ഫുട്‌ബോള്‍ ലോകം സാക്ഷിയായത്. മത്സരത്തിന്റെ ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു റൊണാള്‍ഡോ ഫ്രീ കിക്ക് ഗോള്‍ നേടിയത്.

റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും പിറക്കുന്ന 64ാം ഫ്രീ കിക്ക് ഗോളായിരുന്നു ഇത്. ഈ ഗോളോടെ ഫുട്‌ബോള്‍ കരിയറിലെ ഗോളുകളുടെ എണ്ണം 899 ആക്കി മാറ്റാനും റൊണാള്‍ഡോക്ക് സാധിച്ചു. വരാനിരിക്കുന്ന മത്സരങ്ങളിൽ ഒരു ഗോള്‍ കൂടി നേടിയാല്‍ 900 ഗോളുകളെന്ന പുതിയ നാഴികക്കല്ലിലേക്കും റൊണാള്‍ഡോക്ക് കാലെടുത്തുവെക്കാം.

റൊണാള്‍ഡോക്ക് പുറമെ ബ്രസീലിയന്‍ താരം ടാലിസ്‌ക ഇരട്ടഗോള്‍ നേടിയാണ് തിളങ്ങിയത്. മത്സരം തുടങ്ങി അഞ്ചാം മിനിട്ടിലായിരുന്നു ടാലിസ്‌ക തന്റെ ആദ്യ ഗോള്‍ നേടിയത്. പിന്നീട് മത്സരത്തിന്റെ ഇഞ്ചുറി ടൈമിലും ബ്രസീലിയന്‍ താരം ലക്ഷ്യം കണ്ടു.

85ാം മിനിട്ടില്‍ മാര്‍സെലോ ബ്രോസോവിച്ചാണ് അല്‍ നസറിന്റെ ബാക്കിയുള്ള ഒരു ഗോള്‍ നേടിയത്. 86ാം മിനിട്ടില്‍ ഫാഷന്‍ സക്കാലയിലൂടെയാണ് അല്‍ ഫെയ്ഹ ആശ്വാസഗോള്‍ കണ്ടെത്തിയത്.

മത്സരത്തില്‍ 57 ശതമാനം ബോള്‍ പൊസഷനും റൊണാള്‍ഡോയുടെയും സംഘത്തിന്റെയും അടുത്തായിരുന്നു ഉണ്ടായിരുന്നത്. 19 ഷോട്ടുകളാണ് അല്‍ ഫെയ്ഹയുടെ പോസ്റ്റിലേക്ക് അല്‍ നസര്‍ ഉതിര്‍ത്തത്. ഇതില്‍ പത്തെണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. മറുഭാഗത്ത് 14 ഷോട്ടുകള്‍ തൊടുത്തുവിട്ട അല്‍ ഫെയ്ഹക്ക് ആറെണ്ണം ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിക്കാന്‍ സാധിച്ചു.

നിലവില്‍ സൗദി ലീഗില്‍ രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു ജയവും ഒരു സമനിലയുമായി നാല് പോയിന്റോടെ രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. രണ്ട് മത്സരങ്ങളും വിജയിച്ച് ആറ് പോയിന്റുമായി അൽ ഖദ്‌സിയ എഫ്.സിയാണ് ലീഗിൽ ഒന്നാമത്.

സൗദി ലീഗില്‍ സെപ്റ്റംബര്‍ 13നാണ് അല്‍ നസര്‍ തങ്ങളുടെ മൂന്നാം മത്സരത്തിനിറങ്ങുന്നത്. അൽ അഹ്‍ലി സൗദിക്കെതിരെയാണ് ലൂയിസ് കാസ്‌ട്രോയും കൂട്ടരും കളിക്കുക. അൽ അഹ്‍ലിയുടെ തട്ടകമായ അല്‍ ആവാല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Cristaino Ronaldo Score a Freekick Goal And Al Nassr Won in Saudi Pro League

We use cookies to give you the best possible experience. Learn more