| Monday, 12th August 2024, 11:45 am

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: വെളിപ്പെടുത്തലുമായി റൊണാൾഡോ

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ 39ാം വയസിലും ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച അനുഭവസമ്പത്തുള്ള താരമാണ് റൊണാള്‍ഡോ.

രണ്ട് പതിറ്റാണ്ടിലേറെക്കാലമായി റൊണാള്‍ഡോ ഒരുപിടി മികച്ച താരങ്ങള്‍ക്കെതിരെ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ താന്‍ നേരിട്ടുള്ളതില്‍ വെച്ച് ഏറ്റവും കടുത്ത എതിരാളി ആരാണെന്നുള്ള റൊണാള്‍ഡോയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മുന്‍ ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ആഷ്‌ലി കോളിനെയാണ് റൊണാള്‍ഡോ കടുത്ത എതിരാളിയായി തെരഞ്ഞെടുത്തത്.

‘വര്‍ഷങ്ങളായി ഞാന്‍ ആഷ്ലി കോളുമായി കളിക്കളത്തില്‍ വലിയ പോരാട്ടങ്ങള്‍ നടത്തി. അവന്‍ മത്സരങ്ങളില്‍ ശ്വസിക്കാന്‍ പോലും സമയം നല്‍കില്ല. അവന്‍ മികച്ച പ്രകടങ്ങള്‍ നടത്തുന്ന സമയങ്ങളില്‍ വേഗമേറിയ ടാക്കിളിങ്ങുകള്‍ നടത്തിയിരുന്നു. അതുകൊണ്ട് കളിക്കളത്തില്‍ അവനായിരുന്നു ഞാന്‍ നേരിട്ടതില്‍ ഏറ്റവും വലിയ എതിരാളി,’ റൊണാള്‍ഡോ കോച്ച് മാഗിനോട് പറഞ്ഞതായി സ്‌പോര്‍ട്‌സ് ബൈബിള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്ലബ്ബ്തലത്തിലും രാജ്യാന്തരതലത്തിലും 14 തവണയാണ് റൊണാള്‍ഡോ കോളിനെ നേരിട്ടുള്ളത്. ഇതില്‍ എട്ട് തവണ റൊണാള്‍ഡോ വിജയിച്ചപ്പോള്‍ മൂന്നു മത്സരങ്ങളാണ് കോള്‍ വിജയിച്ചത്. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു.

ചെല്‍സി, ആഴ്‌സണല്‍, എ.എസ് റോമ, എല്‍.എ ഗാലക്‌സി എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് ഇംഗ്ലണ്ട് താരം ബൂട്ട് കെട്ടിയിട്ടുള്ളത്. വ്യത്യസ്ത ക്ലബ്ബുകളില്‍ കളിച്ചുകൊണ്ട് 15 കിരീടങ്ങളാണ് കോള്‍ നേടിയത്. 2019 ലാണ് താരം ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്.

അതേസമയം റൊണാള്‍ഡോ നിലവില്‍ സൗദി വമ്പന്മാരായ അല്‍ നസറിന്റെ താരമാണ്. സൗദി സൂപ്പര്‍ കപ്പിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പിലാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അല്‍ നസറും. ഓഗസ്റ്റ് 14ന് പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ അല്‍ താവൂണിനെയാണ് റൊണാള്‍ഡോയും സംഘവും നേരിടുന്നത്.

അടുത്തിടെ അവസാനിച്ച യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്താന്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന് സാധിച്ചിരുന്നില്ല. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സിനെതിരെ പെനാല്‍ട്ടിയില്‍ പരാജയപ്പെട്ടു കൊണ്ടായിരുന്നു പോര്‍ച്ചുഗല്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചത്. 2024 യൂറോകപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് റൊണാള്‍ഡോയ്ക്ക് നേടാന്‍ സാധിച്ചത്. ചരിത്രത്തില്‍ ആദ്യമായിട്ടാരുന്നു ഒരു മേജര്‍ ടൂര്‍ണമെന്റില്‍ റൊണാള്‍ഡോ ഗോള്‍ നേടാതെ പോകുന്നത്.

Content Highlight: Cristaino Ronaldo Reveals The Toughest Player He Faced in His Carrier

We use cookies to give you the best possible experience. Learn more