| Monday, 22nd January 2024, 10:22 pm

ഫുട്‌ബോളില്‍ ഞാന്‍ ആരാധിക്കുന്നത് അദ്ദേഹത്തെയാണ്; ഇഷ്ടതാരത്തെക്കുറിച്ച് റൊണാള്‍ഡോ

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന താരത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ്.

അര്‍ജന്റീനന്‍ ഇതിഹാസം ഡീഗോ മറഡോണയെയാണ് ഫുട്‌ബോളില്‍ താന്‍ ആരാധിക്കുന്നത് എന്നാണ് റൊണാള്‍ഡോ പറഞ്ഞത്. പോര്‍ച്ചുഗീസ് മാധ്യമമായ റെക്കോഡിനോട് സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

‘ഗാലയില്‍ ഞാന്‍ പറഞ്ഞതുപോലെ ഇത് എന്റെ ഷെല്‍ഫില്‍ ഇല്ലാത്ത രണ്ട് അവാര്‍ഡുകളാണ്. അതുകൊണ്ടുതന്നെ ഈ നേട്ടം എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. അതുപോലെ അര്‍ജന്റീനയുടെ ഇതിഹാസമായ മറഡോണയെ ഞാന്‍ വളരെയധികം ആരാധിക്കുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം ഇപ്പോള്‍ ഞങ്ങളോടൊപ്പം ഇല്ല,’ റൊണാള്‍ഡോ പറഞ്ഞു.

ഫുട്‌ബോളിലെ ആരാധകരുടെ പ്രാധാന്യത്തെ കുറിച്ചും റൊണാള്‍ഡോ സംസാരിച്ചു.

‘ഫുട്‌ബോളില്‍ ആരാധകര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഞങ്ങളെ കാണാനും ഞങ്ങളുടെ കളി ആസ്വദിക്കാനും അവര്‍ ടിക്കറ്റ് എടുത്ത് സ്റ്റേഡിയത്തിലേക്ക് എത്തുന്നു. ഞാന്‍ യൂറോപ്പില്‍ കളിക്കുന്ന സമയങ്ങളില്‍ ഈ അവാര്‍ഡ് വിജയിക്കാന്‍ എനിക്ക് അവസരങ്ങളുണ്ടായിരുന്നു. എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ എനിക്ക് ആദ്യമായാണ് ലഭിക്കുന്നത്. ഓരോ സീസണിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തു കൊണ്ട് ഈ അവാര്‍ഡുകള്‍ ലഭ്യമാകുമ്പോള്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്,’ റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു.

2023 ലാണ് റൊണാള്‍ഡോ മഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സൗദി വമ്പന്‍മാരായ അല്‍ നസറില്‍ എത്തുന്നത്. ഈ സീസണില്‍ സൗദി വമ്പന്മാര്‍ക്കായി മിന്നും ഫോമിലാണ് ഈ 38 കാരന്‍ കളിക്കുന്നത്.

ഇതിനോടകം തന്നെ 24 ഗോളുകളും 11 അസിസ്റ്റുകളും നേടി കൊണ്ട് സൗദിയില്‍ പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ കാഴ്ചവെക്കുന്നത്. 2023 മറ്റൊരു അവിസ്മരണീയ നേട്ടവും ഈ പോര്‍ച്ചുഗീസ് ഇതിഹാസം സ്വന്തമാക്കിയിരുന്നു.

2023 കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം എന്ന നേട്ടമായിരുന്നു റൊണാള്‍ഡോ സ്വന്തം പേരില്‍ ആക്കി മാറ്റിയത്. അല്‍ നസറിനും പോര്‍ച്ചുഗല്‍ ടീമിനും വേണ്ടി 54 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചു കൂട്ടിയത്.

Content Highlight: Cristaino Ronaldo reveals his favorite player in football.

We use cookies to give you the best possible experience. Learn more