അവൻ ഈ തലമുറയിലെ ഏറ്റവും മികച്ച താരമായി മാറുമെന്ന് എനിക്കുറപ്പാണ്: റൊണാൾഡോ
Football
അവൻ ഈ തലമുറയിലെ ഏറ്റവും മികച്ച താരമായി മാറുമെന്ന് എനിക്കുറപ്പാണ്: റൊണാൾഡോ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 21st September 2024, 2:52 pm

ബാഴ്സലോണയുടെ സ്പാനിഷ് സൂപ്പര്‍താരം ലാമിന്‍ യമാലിനെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. യമാല്‍ ഈ  തലമുറയിലെ ഏറ്റവും മികച്ച താരമായി മാറുമെന്നാണ് റൊണാള്‍ഡോ പറഞ്ഞത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ തന്റെ സഹതാരമായിരുന്ന റിയോ ഫെര്‍ഡിനാന്‍ഡിനൊപ്പം തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു റൊണാള്‍ഡോ.

‘ലാമിന്‍ യമാല്‍ എന്ന താരത്തില്‍ ഞാന്‍ ഒരുപാട് കഴിവുകള്‍ കാണുന്നുണ്ട്. ഭാവിയില്‍ അവന് പരിക്കൊന്നും ഉണ്ടാകില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അതുകൊണ്ട് തന്നെ തീര്‍ച്ചയായും അവന്‍ ഈ തലമുറയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായി മാറുമെന്ന് ഞാന്‍ കരുതുന്നു. അവന്‍ ദേശിയ ടീമിന് വേണ്ടി വളരെ മികച്ച പ്രകടനമാണ് നടത്തുന്നത്. അവന് വലിയ കഴിവുണ്ടെന്ന് ഞാന്‍ കരുതുന്നു. ഭാവിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം. അവന്‍ അത് നേടിയെടുക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ റൊണാള്‍ഡോ പറഞ്ഞു.

അടുത്തിടെ അവസാനിച്ച യൂറോ കപ്പില്‍ സ്‌പെയ്‌നിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായകമായ പങ്കുവഹിച്ച താരമാണ് യമാല്‍. ഈ ടൂര്‍ണമെന്റില്‍ ആറ് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും നാല് അസിസ്റ്റുമാണ് സ്പാനിഷ് യുവതാരം നേടിയത്. യൂറോകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു സ്‌പെയ്ന്‍ തങ്ങളുടെ ചരിത്രത്തിലെ നാലാം യൂറോ കിരീടം സ്വന്തമാക്കിയത്.

നിലവില്‍ ലാ ലിഗയില്‍ ബാഴ്‌സലോണക്ക് വേണ്ടിയാണ് യമാല്‍ കളിക്കുന്നത്. പുതിയ പരിശീലകന്‍ ഹാന്‍സി ഫ്ലിക്കിന്റെ കീഴില്‍ മിന്നും പ്രകടനമാണ് യമാല്‍ നടത്തുന്നത്. സ്പാനിഷ് ലീഗില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളുമാണ് താരം ഇതുവരെ നേടിയിട്ടുള്ളത്. നിലവില്‍ അഞ്ച് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ അഞ്ചും വിജയിച്ചുകൊണ്ട് 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് സ്പാനിഷ് വമ്പന്‍മാര്‍.

എന്നാല്‍ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയോട് ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു മൊണോക്കോ സ്പാനിഷ് വമ്പന്മാരെ വീഴ്ത്തിയത്. ഈ മത്സരത്തില്‍ ബാഴ്സലോണക്ക് വേണ്ടി മത്സരത്തിലെ ഏകഗോള്‍ നേടിയതും യമാല്‍ തന്നെയാണ്.

സ്പാനിഷ് ലീഗില്‍ നാളെയാണ് ബാഴ്സ തങ്ങളുടെ ആറാം മത്സരത്തിനിറങ്ങുന്നത്. വിയ്യാറയലിനെയാണ് കറ്റാലന്മാര്‍ നേരിടുക. വിയ്യാറയലിന്റെ തട്ടകമായ എല്‍ മോഡ്രിഗല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

 

Content Highlight: Cristaino Ronaldo Praises Lamine Yamal