2023-24 സൗദി പ്രോ ലീഗ് സീസണിലെ അവസാന മത്സരത്തില്‍ അല്‍ നസറിന് ആവേശകരമായ വിജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ ഇത്തിഹാദിനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് സൗദി വമ്പന്മാര്‍ തകര്‍ത്തു വിട്ടത്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്. മത്സരത്തില്‍ 45+3, 69 എന്നീ മിനിട്ടുകളില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്.
ഇതോടെ 35 ഗോളുകളും 13 അസിസ്റ്റുകളും ആണ് റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്ന് ഈ സീസണില്‍ പിറന്നത്. ഇതിന് പിന്നാലെ സൗദി പ്രോ ലീഗിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരമായി മാറാനും റൊണാള്‍ഡോക്ക് സാധിച്ചു.
ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമാകുന്നത്. സൗദി ലീഗിലെ ഒരു സീസണിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍ എന്ന് എഴുതിയിട്ടുള്ള ചിത്രമാണ് റൊണാള്‍ഡോ പങ്കുവെച്ചത്.
‘ഞാന്‍ റെക്കോഡുകള്‍ പിന്തുടരുന്നില്ല, റെക്കോഡുകള്‍ എന്നെയാണ് പിന്തുടരുന്നത്’ എന്നാണ് അല്‍ നസര്‍ നായകന്‍ പോസ്റ്റിന് അടിക്കുറിപ്പ് നല്‍കിയത്. സൂപ്പര്‍താരത്തിന്റെ ഈ മിന്നും പ്രകടനം വരാനിരിക്കുന്ന യൂറോ കപ്പിൽ പോര്‍ച്ചുഗല്‍ ടീമിനൊപ്പവും ഉണ്ടാവുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
അതേസമയം ജയത്തോടെ ഈ സീസണില്‍ 34 മത്സരങ്ങളില്‍ നിന്നും 26 വിജയവും നാല് സമനിലയും നാല് തോല്‍വിയും അടക്കം 82 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍ ഫിനിഷ് ചെയ്തത്.
മെയ് 31ന് നടക്കുന്ന കിങ്‌സ് കപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ സൗദി ലീഗ് ചാമ്പ്യന്മാരായ അല്‍ ഹിലാലിനെതിരെയാണ് റൊണാള്‍ഡോയും കൂട്ടരുടെയും അടുത്ത മത്സരം. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സിറ്റി സ്റ്റേഡിയമാണ് വേദി.
Content Highlight: Cristaino Ronaldo post viral on Social Media