2024 സൗദി സൂപ്പര്‍ കപ്പ് അല്‍ ഹിലാല്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അല്‍ നസറിനെ പരാജയപ്പെടുത്തിയാണ് അല്‍ ഹിലാല്‍ കിരീടം ചൂടിയത്.
ഇപ്പോള്‍ 2017ല്‍ റൊണാള്‍ഡോ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഫൈനല്‍ മത്സരങ്ങള്‍ കളിക്കാന്‍ ഇറങ്ങുന്നതിനു മുന്നോടിയായി ട്രോഫിയില്‍ തൊട്ടാല്‍ ആ കിരീടം തനിക്ക് നേടാന്‍ സാധിക്കില്ല എന്നായിരുന്നു റൊണാള്‍ഡോ ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പ് പറഞ്ഞത്. 2017 കോണ്‍ഫെഡറേഷന്‍ കപ്പിന്റെ ഫൈനലിന് മുമ്പായിട്ട് ആയിരുന്നു റൊണാള്‍ഡോ ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ ഒരിക്കലും ട്രോഫികളില്‍ തൊടില്ല. കാരണം അതെനിക്ക് ഭാഗ്യം കൊണ്ടുവരില്ല,’ റൊണാള്‍ഡോ മിറലിലൂടെ പറഞ്ഞു.
കഴിഞ്ഞ ദിവസം നടന്ന അല്‍ ഹിലാലുമായുള്ള മത്സരത്തിനു മുന്നോടിയായി റൊണാള്‍ഡോ സൗദി സൂപ്പര്‍ കപ്പിന്റെ കിരീടത്തില്‍ തൊട്ടിരുന്നു. ഈ ചിത്രം വലിയ രീതിയില്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിരുന്നത്. റൊണാള്‍ഡോ ട്രോഫിയില്‍ തൊട്ടതിനു ശേഷം ഈ കിരീടം റൊണാള്‍ഡോയ്ക്ക് നഷ്ടമായതിന് പിന്നാലെയാണ് ഏഴ് വര്‍ഷം മുമ്പ് റൊണാള്‍ഡോ പറഞ്ഞ ഈ വാക്കുകള്‍ വീണ്ടും ചര്‍ച്ചയായത്.
പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ റൊണാള്‍ഡോയുടെ ഗോളിലൂടെ അല്‍ നസറാണ് ആദ്യം ഗോള്‍ നേടിയത്. ആദ്യ പകുതി ഏകപക്ഷീയമായ ഒരു ഗോളിന് സ്വന്തമാക്കിയ അല്‍ നസറിന് മത്സരത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ പിഴക്കുകയായിരുന്നു.
രണ്ടാം പകുതിയില്‍ നാലു ഗോളുകളാണ് അല്‍ ഹിലാല്‍ റൊണാള്‍ഡോയുടെയും സംഘത്തിന്റെയും പോസ്റ്റിലേക്ക് അടിച്ചുകൂട്ടിയത്. സെര്‍ജ് മിലിങ്കോവിച്ച് സാവിക് 55, അലക്സാണ്ടര്‍ മിട്രാവിച്ച് 63, 69, മാല്‍കോം 72 എന്നിവരായിരുന്നു അല്‍ ഹിലാലിന്റെ ഗോള്‍ സ്‌കോറര്‍മാര്‍.
#ALHILAL IS THE “DIRIYAH SAUDI SUPER CUP” CHAMPION 🏆
സൗദി സൂപ്പര്‍ കപ്പ് നേടി കൊണ്ട് പുതിയ സീസണിലേക്ക് മികച്ച ആത്മവിശ്വാസത്തോടെ വരാനുള്ള റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ലക്ഷ്യമാണ് ഇന്നലെ നിലവിലെ സൗദിയിലെ ചാമ്പ്യന്മാര്‍ ഇല്ലാതാക്കിയത്.
ഇനി റൊണാള്‍ഡോയുടെ മുന്നിലുള്ളത് സൗദി പ്രോ ലീഗാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ട് കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ ആയിരിക്കും അല്‍ നസര്‍ ലക്ഷ്യമിടുക.
Content Highlight: Cristaino Ronaldo old Statement Viral on Social Media