ലോകഫുട്ബോൾ കാൽചുവട്ടിലാക്കാൻ റോണോക്ക് വേണ്ടത് രണ്ട് ഗോളുകൾ; ചരിത്രം പിറക്കുമോ?
Football
ലോകഫുട്ബോൾ കാൽചുവട്ടിലാക്കാൻ റോണോക്ക് വേണ്ടത് രണ്ട് ഗോളുകൾ; ചരിത്രം പിറക്കുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th August 2024, 4:14 pm

സൗദി പ്രോ ലീഗില്‍ ഇന്ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ അല്‍ നസറും അല്‍ ഫെയ്ഹായുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്. കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ പുതിയ സീസണില്‍ ആദ്യ ജയം സ്വന്തമാക്കാനായിരിക്കും സൗദി വമ്പന്മാര്‍ അണിനിരക്കുക.

ഈ മത്സരത്തില്‍ അല്‍ നസർ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ 900 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടം റൊണാള്‍ഡോക്ക് കൈപ്പിടിയിലാക്കാം.

ഇതിനോടകം തന്നെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്ലബ്ബ് തലത്തില്‍ വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കുമായി 898 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. റയല്‍ മാഡ്രിഡിനായി 451 മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി 145 യുവന്റസിനായി 101 അല്‍ നസറിനായി 66 പോര്‍ച്ചുഗലിന് 130 സ്‌പോര്‍ട്ടിങ് ലിസ്ബണിനായി അഞ്ച് എന്നിങ്ങനെയാണ് റൊണാള്‍ഡോ വ്യത്യസ്ത ടീമുകളില്‍ കളിച്ചു നേടിയ ഗോളിന്റെ കണക്കുകള്‍.

അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും രണ്ട് വട്ടം കൂടി പന്തിനെ ഗോള്‍ വര കടന്നാല്‍ ചരിത്ര നിമിഷത്തിന് കൂടിയായിരിക്കും ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിക്കുക.

ലീഗിലെ ആദ്യ മത്സരത്തില്‍ അല്‍ റെയ്ദിനെതിരെ സമനിലയില്‍ കുടുങ്ങുകയായിരുന്നു അല്‍ നസര്‍. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പോയിന്റുകള്‍ പങ്കുവെക്കുകയായിരുന്നു. മത്സരത്തില്‍ അല്‍ നസറിനായി ഗോള്‍ നേടിയിരുന്നത് റൊണാള്‍ഡോ ആയിരുന്നു.

ഇതോടെ പുതിയൊരു നാഴികക്കല്ലിലേക്കും പോര്‍ച്ചുഗീസ് ഇതിഹാസം നടന്നു കയറിയിരുന്നു. സൗദി ലീഗില്‍ 50 ഗോളുകള്‍ എന്ന നേട്ടത്തിലേക്കാണ് റൊണാള്‍ഡോ കാലെടുത്തുവെച്ചത്.

അടുത്തിടെ അവസാനിച്ച സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലില്‍ അല്‍ ഹിലാലിനോടും അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു നിലവിലെ സൗദി ചാമ്പ്യന്മാര്‍ അല്‍ നസറിനെ വീഴ്ത്തിയത്.

ഫൈനലില്‍ അല്‍ നസറിനായി ഏകഗോള്‍ നേടിയത് റൊണാള്‍ഡോയായിരുന്നു. താരത്തിന്റെ ഈ ഗോളടിമികവ് അല്‍ ഫെയ്ഹക്കെതിരെയും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വാസിക്കുന്നത്.

 

Content Highlight: Cristaino Ronaldo Need Two Goals to Create a New History