| Tuesday, 18th June 2024, 2:37 pm

മെസിയെ മറികടക്കാൻ റൊണാൾഡോക്ക് സുവർണാവസരം; 39കാരൻ കളംനിറഞ്ഞാടിയാൽ മെസി രണ്ടാമനാവും

സ്പോര്‍ട്സ് ഡെസ്‌ക്

2024 യൂറോപ്പിലെ ആദ്യ മത്സരത്തിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗലും ഇറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ആവേശകരമായ മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് റൊണാള്‍ഡോയും സംഘവും പോരാട്ടത്തിനിറങ്ങുന്നത്.

ലെപ്സിക്കിലെ റെഡ് ബുള്‍ അറേനയില്‍ നടക്കുന്ന മത്സരത്തില്‍ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. മത്സരത്തില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെ ഒരു ഫ്രീ കിക്ക് ഗോള്‍ നേടാന്‍ റൊണാള്‍ഡോയ്ക്ക് സാധിച്ചാല്‍ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഫ്രീ കിക്ക് ഗോളുകള്‍ നേടുന്ന താരമെന്ന ചരിത്രനേട്ടമാണ് റൊണാള്‍ഡോക്ക് സ്വന്തമാക്കാന്‍ സാധിക്കുക.

നിലവില്‍ ദേശീയ ടീമിനുവേണ്ടി ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ അര്‍ജന്റീന ഇതിഹാസം ലയണല്‍ മെസിയും റൊണാള്‍ഡോയും ഒപ്പത്തിനൊപ്പമാണ്. 11 ഫ്രീകിക്ക് ഗോളുകളാണ് ആണ് ഇരു താരങ്ങളും ദേശീയ ടീമിനായി നേടിയിട്ടുള്ളത്.

ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഫ്രീകിക്ക് ഗോളുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ മെസി ആറാമതും റൊണാള്‍ഡോ ഏഴാമതുമാണ് ഉള്ളത്. മെസി 65 ഫ്രീകിക്ക് ഗോളുകള്‍ സ്‌കോര്‍ ചെയ്തപ്പോള്‍ റൊണാള്‍ഡോ 63 എണ്ണവും നേടി.

ബാഴ്‌സലോണക്കൊപ്പം 60 ഫ്രീകിക്ക് ഗോളുകളും പാരീസ് സെയ്ന്റ് ജെര്‍മെന്‍, ഇന്റര്‍മയാമി എന്നീ ടീമുകള്‍ക്കൊപ്പം രണ്ടു വീതം ഫ്രീ കിക്ക് ഗോളുകളുമാണ് മെസി നേടിയിട്ടുള്ളത്.

മറുഭാഗത്ത് റൊണാള്‍ഡോ റയല്‍ മാഡ്രിനൊപ്പം 34 തവണയും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം 13 തവണയും അല്‍ നസറിന് വേണ്ടി നാല് തവണയും യുവന്റസിനു വേണ്ടി ഒരുതവണയും ഫ്രീകിക്ക് ഗോള്‍ നേടി.

അതേസമയം യൂറോകപ്പിന് മുന്നോടിയായി നടന്ന അയര്‍ലാന്‍ഡിനെതിരെയുള്ള സൗഹൃദം മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി തകര്‍പ്പന്‍ പ്രകടനമായിരുന്നു റൊണാള്‍ഡോ കാഴ്ചവെച്ചത്. അടുത്തിടെ അവസാനിച്ച സൗദി പ്രോ ലീഗില്‍ അല്‍ നസറിനു വേണ്ടിയും പ്രായത്തെ പോലും വെല്ലുന്ന പോരാട്ടവീര്യമായിരുന്നു റൊണാള്‍ഡോ നടത്തിയിരുന്നത്.

സൗദി ലീഗില്‍ 35 ഗോളുകളും 13 അസിസ്റ്റുകളും ആണ് റൊണാള്‍ഡോ നേടിയത്. ഇതിന് പിന്നാലെ സൗദി ലീഗിലെ ടോപ്‌സ്‌കോറര്‍ ആയി മാറാനും റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. താരത്തിന്റെ ഈ മിന്നും ഫോം ചെക്ക് റിപ്പബ്ലിക്കിനെതിരെയും ആവര്‍ത്തിക്കും എന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Cristaino Ronaldo Need One Free kick Goal to Break Lionel Messi Record

We use cookies to give you the best possible experience. Learn more