| Friday, 16th August 2024, 1:15 pm

ചരിത്രത്തിലെ ആദ്യ താരമാവാൻ റൊണാൾഡോക്ക് വേണ്ടത് നാല് ഗോളുകൾ; ലോക റെക്കോഡിനരികെ പോർച്ചുഗീസ് ഇതിഹാസം

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ സൗദി സൂപ്പര്‍ കപ്പിന്റെ ഫൈനലിനാണ് ഫുട്‌ബോള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. നാളെ നടക്കുന്ന ഫൈനലില്‍ നിലവിലെ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അല്‍ ഹിലാലും കരുത്തരായ അല്‍ നസറുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ സാധിക്കാതെ പോയ അല്‍ നസറിന് ഈ സീസണില്‍ തുടക്കത്തില്‍ തന്നെ കിരീടം നേടിക്കൊണ്ട് ഗംഭീരമായ സീസണ്‍ തുടങ്ങാനുള്ള അവസരമാണ് മുന്നിലെത്തി നില്‍ക്കുന്നത്. മറുഭാഗത്ത് തങ്ങളുടെ കിരീടവേട്ട തുടരാനുമായിരിക്കും അല്‍ ഹിലാല്‍ കളത്തിലിറങ്ങുക.

ഈ മത്സരത്തില്‍ അല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ചരിത്ര നേട്ടമാണ്. വരാനിരിക്കുന്ന മത്സരങ്ങളില്‍ നാലു ഗോളുകള്‍ നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ 900 ഗോളുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലേക്ക് റൊണാള്‍ഡോക്ക് കൈപ്പിടിയിലാക്കാം.

ഇതിനോടകം തന്നെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്ലബ്ബ് തലത്തില്‍ വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കുമായി 896 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്.

സെമി ഫൈനലില്‍ അല്‍ താവൂണിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു റൊണാള്‍ഡോയും സംഘവും ഫൈനലിലേക്ക് മുന്നേറിയത്. സെമി ഫൈനല്‍ പോരാട്ടത്തില്‍ റൊണാള്‍ഡോ ലക്ഷ്യം കണ്ടിരുന്നു. ടൂര്‍ണമെന്റിലെ റൊണാള്‍ഡോയുടെ ആദ്യ ഗോളായിരുന്നു ഇത്. പോർച്ചുഗീസ് സൂപ്പർ താരത്തിന്റെ ഈ ഗോളടിമികവ് കലാശ പോരാട്ടത്തിലും ആവര്‍ത്തിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

കഴിഞ്ഞ കിങ്‌സ് കപ്പിന്റെ ഫൈനലില്‍ നസറിനെ പരാജയപ്പെടുത്തി അല്‍ ഹിലാല്‍ കിരീടം ചൂടിയിരുന്നു. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ മത്സരം പെനാല്‍ട്ടിയിലേക്ക് നീങ്ങുകയും അല്‍ ഹിലാല്‍ വിജയിക്കുകയുമായിരുന്നു.

Content Highlight: Cristaino Ronaldo Need 4 Goals For Create a New Record

We use cookies to give you the best possible experience. Learn more