ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും വീണ്ടും മുഖാമുഖം ഏറ്റുമുട്ടുന്നത് കാണാനാണ് ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്. ഇന്ന് 11.30നാണ് റൊണാള്‍ഡോയുടെ അല്‍ നസറും മെസിയുടെ ഇന്റര്‍ മയാമിയും ഏറ്റുമുട്ടുന്നത്.
എന്നാല്‍ ഇപ്പോള്‍ ഫുട്‌ബോള്‍ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പരിക്ക് കാരണം അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്റര്‍ മയാമിക്കെതിരെയുള്ള മത്സരത്തില്‍ കളിക്കില്ലെന്നാണ് അല്‍ നസര്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോ പറഞ്ഞത്.
‘റൊണാള്‍ഡോ പരിക്കിന്റെ പിടിയിലായതിനാല്‍ ഇന്റര്‍ മയാമിക്കെതിരെ കളിക്കില്ല. വരും ദിവസങ്ങളില്‍ അവന്‍ ടീമിനോടൊപ്പം ചേരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,’ ലൂയിസ് കാസ്‌ട്രോയെ ഉദ്ധരിച്ച് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.
റൊണാള്‍ഡോയുടെ പരിക്കിന് പിന്നാലെ ചൈനയില്‍ നടക്കേണ്ട സൗഹൃദ മത്സരങ്ങളും അല്‍ നസര്‍ ഉപേക്ഷിച്ചിരുന്നു. ചൈനീസ് ക്ലബ്ബും മത്സരങ്ങള്‍ ഫെബ്രുവരി അവസാന മാസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
റൊണാള്‍ഡോയും മെസിയും വീണ്ടും മുഖാമുഖം എത്തുന്ന ആവേശകരമായ പോരാട്ടം കാണാന്‍ കാത്തിരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് വലിയ തിരിച്ചടിയാണ് ഈ വാര്‍ത്ത നല്‍കിയത്.
ഈ വര്‍ഷം ജനുവരിയിലാണ് റൊണാള്‍ഡോയും മെസിയും അവസാനമായി പരസ്പരം ഏറ്റുമുട്ടിയത്. 5-4ന് മെസിക്കൊപ്പമായിരുന്നു വിജയം. റൊണാള്‍ഡോ രണ്ട് ഗോളുകളും മെസി ഒരു ഗോളുമാണ് ആ മത്സരത്തില്‍ നേടിയത്.
അതേസമയം 2024ല്‍ ആദ്യ വിജയം സ്വന്തമാക്കാന്‍ മെസിക്കും കൂട്ടര്‍ക്കും സാധിച്ചിരുന്നില്ല. മൂന്നു മത്സരങ്ങളില്‍ നിന്ന് രണ്ടു തോല്‍വിയും ഒരു സമനിലയും ആണ് ഇന്റര്‍ മയാമിയുടെ സമ്പാദ്യം.
Content Highlight: Cristaino Ronaldo miss the game against Inter Miami due to injury.