| Saturday, 31st August 2024, 10:20 am

ജന്മനാടിനൊപ്പം ചരിത്രംകുറിക്കാൻ റൊണാൾഡോ; പടക്കോപ്പും പരിവാരങ്ങളുമായി പറങ്കിപ്പട വരുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന യുവേഫ നേഷന്‍സ് ലീഗ് ടൂര്‍ണമെന്റിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീമില്‍ ഇടം നേടി. യൂറോ കപ്പില്‍ മികച്ച പ്രകടനം നടത്താതെ പോയ റൊണാള്‍ഡോയ്ക്ക് സ്വന്തം ദേശീയ ടീമിനൊപ്പം ശക്തമായി തിരിച്ചുവരാനുള്ള മികച്ച അവസരമാണ് മുന്നിലെത്തി നില്‍ക്കുന്നത്.

യൂറോ കപ്പില്‍ ഒരു അസിസ്റ്റ് മാത്രമാണ് അല്‍ നസര്‍ നായകന് നേടാന്‍ സാധിച്ചിരുന്നത്. യൂറോ കപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറാനെ റൊണാള്‍ഡോക്കും സംഘത്തിനും സാധിച്ചിരുന്നുള്ളൂ. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്.

2018-19 യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത് പോര്‍ച്ചുഗലായിരുന്നു. അന്ന് പോര്‍ച്ചുഗലിന്റെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചിരുന്നു. 11 മത്സരങ്ങളില്‍ നിന്നും ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയിരുന്നത്.

പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം 212 മത്സരങ്ങളില്‍ നിന്നും 130 ഗോളുകളും 45 അസിസ്റ്റുകളുമാണ് റൊണാള്‍ഡോ നേടിയിട്ടുള്ളത്. വ്യത്യസ്ത ക്ലബ്ബുകള്‍ക്കായും പോര്‍ച്ചുഗലിനായും 899 ഗോളുകളാണ് റൊണാള്‍ഡോ ഇതുവരെ അടിച്ചു കൂട്ടിയിട്ടുള്ളത്.  വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി നേടാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ 900 ഗോളുകളെന്ന പുതിയ നാഴികക്കല്ലിലേക്കും റൊണാള്‍ഡോക്ക് നടന്നുകയറാം.

റൊണാള്‍ഡോയ്ക്ക് പുറമേ യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങളും പോര്‍ച്ചുഗല്‍ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, ഡിയാഗോ കോസ്റ്റ, റൂബന്‍ ഡയസ്, ഡിയാഗോ ജോട്ട, ജാവോ ഫെലിക്‌സ് തുടങ്ങിയ ഒരു പിടി മികച്ച താരങ്ങളും പറങ്കിപടക്കൊപ്പം ചേരുമ്പോള്‍ റോബര്‍ട്ടോ മാര്‍ട്ടിനസും കൂട്ടരും കൂടുതല്‍ കരുത്തുറ്റതായി മാറുമെന്ന് ഉറപ്പാണ്.

സെപ്റ്റംബര്‍ അഞ്ചിനാണ് റൊണാള്‍ഡോയും സംഘവും യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഈ മത്സരത്തില്‍ കരുത്തരായ ക്രൊയേഷ്യയെയാണ് പോര്‍ച്ചുഗല്‍ നേരിടുന്നത്. പിന്നീട് സെപ്റ്റംബര്‍ എട്ടിന് നടക്കുന്ന മത്സരത്തില്‍ സ്കോട്‌ലാന്‍ഡിനെയും പോര്‍ച്ചുഗല്‍ നേരിടും.

യുവേഫ നേഷന്‍സ് ലീഗിനുള്ള പോര്‍ച്ചുഗല്‍ സ്‌ക്വാഡ്

ഗോള്‍കീപ്പര്‍മാര്‍: ഡിയോഗോ കോസ്റ്റ, ജോസ് സാ, റൂയി സില്‍വ.

ഡിഫന്‍ഡര്‍മാര്‍: റൂബെന്‍ ഡയസ്, അന്റോണിയോ സില്‍വ,റെനാറ്റോ വീഗ, ഗോണ്‍സാലോ ഇനാസിയോ, ടിയാഗോ സാന്റോസ്, ഡിയോഗോ ദലോട്ട് , നൂനോ മെന്‍ഡസ് , സെമെഡോ.

മിഡ്ഫീല്‍ഡര്‍മാര്‍: ജോവോ പാല്‍ഹിന്‍ഹ, ജോവോ നെവെസ്, വിറ്റിന്‍ഹ, ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാഡോ സില്‍വ, റൂബെന്‍ നെവെസ് , ജോക്സ്, ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോ, പെഡ്രോ ഗോണ്‍സാല്‍വ്‌സ്.

ഫോര്‍വേഡുകള്‍: റാഫേല്‍ ലിയോ, ജിയോവാനി ക്വെന്‍ഡ, പെഡ്രോ നെറ്റോ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിയോഗോ ജോട്ട.

Content Highlight: Cristaino Ronaldo Include Portugal Squad For UEFA Nations League

We use cookies to give you the best possible experience. Learn more