യൂറോകപ്പില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍ മിന്നും ജയം സ്വന്തമാക്കിയിരുന്നു.
ടൂര്‍ണമെന്റിലെ പറങ്കിപടയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഈ തകര്‍പ്പന്‍ ജയത്തോടെ പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാനും റോബര്‍ട്ടോ മാര്‍ട്ടീനസിനും സംഘത്തിനും സാധിച്ചു.
മത്സരത്തിനിടെ നടന്ന ഒരു പ്രത്യേക സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മത്സരത്തിന്റെ രണ്ടാം പകുതിയിലെ 65ാം മിനിട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അടുത്തേക്ക് ഒരു കുട്ടി ആരാധകന്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു.
ഗ്രൗണ്ടില്‍ നിന്നും തന്റെ ഫോണ്‍ എടുക്കുകയും റൊണാള്‍ഡോക്കൊപ്പം ആ കുട്ടി സെല്‍ഫി എടുക്കുകയുമായിരുന്നു. എന്നാല്‍ ഗ്രൗണ്ട് സ്റ്റാഫുകള്‍ ഗ്രൗണ്ടില്‍ നിന്നും ആരാധകനെ പിടിച്ചു മാറ്റാന്‍ എത്തുമ്പോള്‍ കുട്ടി ഓടുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധയാണ് പിടിച്ചുപറ്റിയിട്ടുള്ളത്.
ഇതിനുശേഷം മത്സരം അവസാനഘട്ടത്തോടടുക്കുന്ന സമയത്ത് മറ്റൊരു ആരാധകരും റൊണാള്‍ഡോയുടെ അടുത്തേക്ക് സമാനമായ രീതിയില്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു.
എന്നാല്‍ ഗ്രൗണ്ടിലെ രക്ഷാ ജീവനക്കാര്‍ ആരാധകനെ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇവര്‍ക്കെല്ലാം പുറമേ ആറ് വ്യക്തികള്‍ ഒരുമിച്ച് ഗ്രൗണ്ടില്‍ ഇറങ്ങാനുള്ള ശ്രമവും മത്സരത്തിനിടയില്‍ നടന്നിരുന്നു.
അതേസമയം മത്സരത്തിന്റെ 21ാംമിനിട്ടില്‍ ബെര്‍ണാഡോ സില്‍വയിലൂടെയാണ് പോര്‍ച്ചുഗല്‍ ആദ്യം മുന്നിലെത്തിയത്. എട്ട് മിനിട്ടുകള്‍ക്കു ശേഷം സമേത് അക്കയ്ഡിന്റെ ഓണ്‍ ഗോളിലൂടെ പോര്‍ച്ചുഗല്‍ ലീഡ് ഉണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് മൂന്നാം ഗോളും നേടിയതോടെ മത്സരം പൂര്‍ണമായും പോര്‍ച്ചുഗല്‍ സ്വന്തമാക്കുകയായിരുന്നു.
ഈ ഗോളിന് അസിസ്റ്റ് നല്‍കിയത് റൊണാള്‍ഡോയായിരുന്നു. ഇതിനു പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും അല്‍ നസര്‍ നായകന് സാധിച്ചു. യൂറോകപ്പില്‍ എട്ട് അസിസ്റ്റുകള്‍ സ്വന്തമാക്കിയ മുന്‍ ചെക്ക് റിപ്പബ്ലിക് താരം കരേല്‍ പോബൊസ്‌കിയുടെ റെക്കോര്‍ഡിനൊപ്പം എത്താനാണ് റൊണാള്‍ഡോക്ക് സാധിച്ചത്.
ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്നും രണ്ടു വിജയവുമായി ആറു പോയിന്റോടെ ഗ്രൂപ്പ് എഫില്‍ ഒന്നാം സ്ഥാനത്താണ് പോര്‍ച്ചുഗല്‍. ജൂണ്‍ 27ന് ജോര്‍ജിയക്കെതിരെയാണ് റൊണാള്‍ഡോയുടെയും കൂട്ടരുടെയും അടുത്ത മത്സരം.
Content Highlight: Cristaino Ronaldo Incident Video Viral On Social Media